കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഒ.പി. ടിക്കറ്റിന് പത്ത് രൂപ: പരാതിയുമായി ബി.ജെ.പി

കൂത്തുപറമ്പ് :കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഒ.പി. ടിക്കറ്റിന്റെ വില അഞ്ചുരൂപയിൽനിന്ന് 10 രൂപയാക്കി വർധിപ്പിക്കുവാനുള്ള അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് ബി.ജെ.പി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പരാതി നൽകി. ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലും ഒ.പി. ടിക്കറ്റിന് 10 രൂപ ഇല്ല. നിരക്ക് വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചുചേർത്ത ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ തീരുമാനത്തെ എതിർത്തെങ്കിലും ഏകപക്ഷീയമായി ഒ.പി. ടിക്കറ്റ് വില വർധിപ്പിക്കുകയായിരുന്നെന്നും ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സി.കെ. സുരേഷ് നൽകിയ പരാതിയിൽ പറയുന്നു.