പേരാവൂരിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ജോലി തടസപ്പെടുത്തിയതായി പരാതി

പേരാവൂർ: പഞ്ചായത്ത് നിർദ്ദേശങ്ങൾ ലംഘിച്ച് ടൗണിൽ ഗുഡ്സ് ഓട്ടോയിൽ പച്ചക്കറി വില്പന നടത്തുന്നതും പച്ചക്കറി പൊതിഞ്ഞു നൽകുന്ന നിരോധിത പ്ലാസ്റ്റിക്ക് കവർ പിടിച്ചെടുക്കാനും ശ്രമിച്ച പഞ്ചായത്ത് വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടറെ കച്ചവടക്കാരൻ തടഞ്ഞതായി പരാതി. പേരാവൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ രാഘവനെ കൃത്യനിർവഹണത്തിനിടെ തടസപ്പെടുത്തിയയാൾക്കെതിരെ പഞ്ചായത്ത് സെക്രട്ടറി ബാബു തോമസാണ് പോലീസിൽ പരാതി നൽകിയത്.
വഴിയോര വില്പനക്കെതിരെ സ്ഥലത്തെത്തിയ ടൗണിലെ വ്യാപാരി നേതാക്കളും നാട്ടുകാരും നോക്കിനിൽക്കെയാണ് സംഭവം. ഹെൽത്ത് ഇൻസ്പെക്ടർ പിടിച്ചെടുത്ത നിരോധിത പ്ലാസ്‌റ്റിക് കവർ ഇവരിൽ നിന്നും ബലമായി പിടിച്ചുവാങ്ങി ഗുഡ്സ് ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞുവെന്നാണ് പരാതി. വാഹനത്തിന്റെ നമ്പറും പോലീസിൽ നൽകിയിട്ടുണ്ട്.
അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ വ്യാപാര സംഘടനകളുടെ പരാതിയിൽ പേരാവൂർ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഒരു വാഹനത്തിന് പിഴ ചുമത്തി. വരും ദിവസങ്ങളിൽ അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാവുമെന്ന് എസ്.ഐ സി. സനീത് പറഞ്ഞു.
പേരാവൂർ ടൗണിൽ മൂന്നിടങ്ങളിൽ വഴിയോര കച്ചവടം അനുവദിച്ചിട്ടുണ്ടെന്നും അത്തരം സ്ഥലങ്ങളില്ലാത്ത അനധികൃത കച്ചവടം തടയുമെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി. പുരുഷോത്തമൻ, ചേംബർ പ്രസിഡൻ്റ് കെ.എം. ബഷീർ, വ്യാപാരി വ്യവസായി സമിതി നേതാവ് എം.കെ. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത വഴിയോര കച്ചവടത്തിനെതിരെ വ്യാപാരികൾ രംഗത്തെത്തിയത്.