എയർ ഇന്ത്യയിൽ കയറുന്നവർ ഇനി അമ്പരക്കും; നടപ്പാക്കിയത് ചരിത്രപരമായ തീരുമാനം

ന്യൂഡൽഹി: പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും ലുക്കിൽ മാറ്റം വരുത്തി എയർ ഇന്ത്യ. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുത്തുന്നത്. പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തത്.കാബിൻ ക്രൂ അംഗങ്ങളായ വനിതകൾക്ക് മോഡേൺ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷന്മാർ ബന്ദ്‌ഗാലയും ധരിക്കും.
കറുപ്പ് നിറത്തിലുള്ള സ്യൂട്ടാണ് പൈലറ്റുമാരുടെ വേഷം. ‘പൈലറ്റുമാരുടെയും കാബിൻ ക്രൂവിന്റെയും പുതിയ യൂണിഫോം ഞങ്ങൾ പുറത്തുവിടുന്നു. എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളവും ശോഭനമായ ഭാവിയുടെയും പ്രതീകമാണ് ഈ വസ്ത്രങ്ങൾ. പ്രമുഖ ഇന്ത്യൻ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ യൂണിഫോമുകളിൽ ചുവപ്പ്, ഡാർക്ക് പർപ്പിൾ,ഗോൾഡൻ എന്നീ നിറങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ ആത്മവിശ്വാസവും ഊർജ്ജസ്വലവുമായ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
എന്നാണ് പുതിയ യൂണിഫോമിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് എയർ ഇന്ത്യ ഒഫീഷ്യൽ എക്സിൽ കുറിച്ചിരിക്കുന്നത്.റെഡി ടു വെയർ സാരിയും ബ്ലൗസുമാണ് വനിതാ കാബിൻ ക്രൂ അംഗങ്ങളുടേത്. ജീവനക്കാരുടെ ഇഷ്ടാനുസരണം പാന്റിനൊപ്പവും ധരിക്കാം. പുരുഷന്മാരുടെ സ്യൂട്ടുകളിൽ നിറയെ ഗോൾഡൻ ബട്ടൻ നൽകിയിട്ടുണ്ട്.
എയർ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ചേർത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറുക. ഇന്ത്യയുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന വസ്ത്രമാണ് ഡിസൈൻ ചെയ്യാൻ ശ്രമിച്ചതെന്നും ഈ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും മനീഷ് മൽഹോത്ര പറഞ്ഞു.