ജനുവരി മുതല്‍ ഈ രാജ്യത്ത് പോകാന്‍ വിസ വേണ്ട; അസാധാരണ നീക്കവുമായി സഞ്ചാരികളുടെ പ്രിയനാട്

സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത. ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ പോകാന്‍ ഇനി ആര്‍ക്കും വിസ വേണ്ട. 2024 ജനുവരി മുതലാണ് കെനിയയില്‍ ഈ നിയമം നടപ്പിലാവുക. രാജ്യത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനും അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുമാണ് കെനിയയുടെ ഈ അസാധാരണ നീക്കം.
“ജനുവരി മുതല്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള സഞ്ചാരികള്‍ക്ക് കെനിയയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ല. ലോകത്തോട് കെനിയക്ക് ഒന്നേ പറയാനുള്ളു സ്വാഗതം:- കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വിസയ്ക്ക് പകരം പുതുതായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാകും കെനിയ ജനുവരി മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കുക.
പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ കെനിയന്‍ വിസ നേടുന്നതിന്റെ ഭാഗമായുള്ള സങ്കീര്‍ണമായ നടപടികള്‍ സഞ്ചാരികള്‍ക്ക് ഒഴിവാക്കാമെന്ന് പ്രസിഡന്റ് റൂട്ടോ വ്യക്തമാക്കി. റൂട്ടോയുടെ വിസ രഹിത ആഫ്രിക്കന്‍ യാത്ര പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ നീക്കം. ഒക്ടോബറില്‍ റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ വിസ ഇളവുകള്‍ക്കുള്ള തന്റെ പദ്ധതികള്‍ റുട്ടോ വിശദീകരിച്ചിരുന്നു.
അതിമനോഹരമായ ഭൂപ്രകൃതിയും മഹത്തായ ജീവിത സംസ്‌കാരങ്ങളും വന്യജീവി സമ്പത്തുമുള്ള കെനിയയില്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സഞ്ചാരികള്‍ എത്താറുണ്ട്. കെനിയയുടെ പ്രധാന വരുമാന മാര്‍ഗവും വിനോദസഞ്ചാരമാണ്. വിസ നിയന്ത്രണങ്ങള്‍ ഒഴിവാകുന്നതോടെ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കെനിയയുടെ പ്രതീക്ഷ.