മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ്: തുറക്കാൻ ഇനി ആഴ്ചകൾ മാത്രം

Share our post

മയ്യഴി : അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമാവുന്നു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഇനി ആഴ്ചകൾ മാത്രം. പാതയിൽ അവശേഷിക്കുന്ന രണ്ടിടത്ത് രാപകൽ പ്രവൃത്തി നടക്കുകയാണ്. ഇതുകൂടി പൂർത്തീകരിച്ച് 2024 ആദ്യം തന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തേക്കും.

18.6 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ മാഹി റെയിൽവേ മേൽപ്പാലത്തിന്റെയും സമീപന റോഡിന്റെയും ബാലത്തിൽ പാലത്തിന്റെ പ്രവൃത്തിയുമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.

ബാലത്തിൽ പാലം പ്രവൃത്തി നടക്കവെ 2020-ൽ ബീമുകൾ പുഴയിൽ പതിച്ചതോടെയാണ് പ്രവൃത്തി പൂർത്തീകരിക്കുവാൻ സമയമെടുത്തത്. 900 മീറ്റർ നീളമായിരുന്നു പാലത്തിന്. വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ പ്രദേശവാസികളുടെ പ്രതിഷേധം കാരണം നീളം വീണ്ടും 66 മീറ്റർ കൂടി നീട്ടി. പാലത്തിന്റെ സ്ലാബുകളുടെ പ്രവൃത്തി പൂർത്തിയായി. സർവീസ് റോഡ് ഒരുഭാഗത്ത് ടാർചെയ്യുന്ന പ്രവൃത്തിയും കഴിഞ്ഞു. ബാക്കി ഭാഗം അടുത്തമാസം പകുതിയോടെ പൂർത്തിയാക്കും.

മാഹി അഴിയൂരിലെ റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തിയും വേഗത്തിൽ നടക്കുന്നു. റെയിൽവേ ഉദ്യോഗസ്ഥരും ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്താണ് പ്രവൃത്തി നടത്തുന്നത്. 60 ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഏഴ് മീറ്റർ നീളമുള്ളതാണ് ഒരു ഗർഡർ. റെയിൽവേയുടെ രണ്ട് സ്പാനുകൾ ഈമാസം പൂർത്തിയാക്കും. ബാക്കി രണ്ട് സ്പാനുകൾ അടുത്തമാസം അവസാനത്തോടെ പൂർത്തിയാവും. റെയിൽവേയുടേതല്ലാത്ത സ്പാനുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

മിനുക്കുപണികളും പുരോഗമിക്കുന്നു

സൈൻ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. കൊളശ്ശേരിക്കും ബാലത്തിനും ഇടയിൽ ടോൾ പ്ലാസയിലാണ് പാതയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. അടിപ്പാതകളിലും ലൈറ്റുകൾ സ്ഥാപിച്ചുണ്ട്. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന്റെ ബാക്കി പ്രവൃത്തി അവസാനഘട്ടത്തിൽ നടത്തും. സർവീസ് റോഡുകൾ, അടിപ്പാതകൾ, പെയിൻറിങ്, മിഡിയൻ നിർമാണം, ക്രാഷ് ബാരിയർ എന്നിവയെല്ലാം പണിതുകഴിഞ്ഞു. കെൽട്രോൺ കമ്പനിയാണ് ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ലൈറ്റുകളുടെ പ്രവൃത്തി നടത്തിയത്.

നീളം 18.600 കിലോമീറ്റർ

മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപത്തുനിന്ന് തുടങ്ങി മാഹി അഴിയൂർ ഗവ. എച്ച്.എസ്.എസ്.വരെയുള്ള പാതയുടെ നീളം 18.600 കിലോ മീറ്ററാണ്. മാഹി, തലശ്ശേരി നഗരങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനുട്ട് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!