കാനഡ, ഇസ്രയേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Share our post

വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ തൊഴില്‍ തട്ടിപ്പില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. കാനഡ, ഇസ്രയേല്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും സാമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ തട്ടിപ്പിന് കളമൊരുക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

രജിസ്റ്റര്‍ ചെയ്യാത്ത ഏജന്‍സികള്‍ വിദേശത്ത് ജോലിക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്നത് 1983 ലെ എമിഗ്രേഷന്‍ ആക്ടിന്റെ ലംഘനവും മനുഷ്യ കടത്തിന് തുല്യവും ശിക്ഷാര്‍ഹവുമായ ക്രിമിനല്‍ കുറ്റവുമാണ്. വിദേശത്ത് തൊഴില്‍ തേടുന്നവര്‍ അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സിയുടെ സേവനം മാത്രം സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം.

എല്ലാ റിക്രൂട്ടിംഗ് ഏജന്റുമാരും അവരുടെ ലൈസന്‍സ് നമ്പര്‍ തങ്ങളുടെ ഓഫീസുകളിലും പരസ്യങ്ങളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇത്തരം ഏജന്റുമാരുടെ സേവനങ്ങള്‍ക്ക് 1983ലെ എമിഗ്രേഷന്‍ ആക്ട് പ്രകാരം 30,000 രൂപയില്‍ കൂടുതല്‍ പ്രതിഫലം ഈടാക്കുവാന്‍ പാടുള്ളതല്ല (18% ജി.എസ്.ടി പുറമെ).

ഈ തുകയ്ക്ക് കൃത്യമായ രസീതും നല്‍കേണ്ടതാണ്. വിദേശത്ത് തൊഴില്‍ തേടുന്ന വ്യക്തികള്‍ emigrate.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ടിംഗ് ഏജന്റുമാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നത് ഉചിതമായിരിക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.

പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും സമീപിക്കുക: പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസ്, വിദേശകാര്യ മന്ത്രാലയം, അഞ്ചാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014. ഫോണ്‍: 0471-2336625, ഇ-മെയില്‍ : poetvm@mea.gov.in

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസ്, വിദേശകാര്യ മന്ത്രാലയം, ഗ്രൗണ്ട് ഫ്‌ളോര്‍, ആര്‍.പി.ഒ ബില്‍ഡിംഗ് പനമ്പിള്ളി നഗര്‍, കൊച്ചി – 682036. ഫോണ്‍: 0484-2315400, ഇ-മെയില്‍: poecochin@mea.gov.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!