സംഗീത തുന്നും കൈത്തറിയിൽ ഫാഷൻ രസതന്ത്രം

കണ്ണൂർ: പ്രാണൻ നിലനിറുത്താൻ പാടുപെടുന്ന കൈത്തറിമേഖലയിൽ വിപ്ലവം തീർത്ത് മുൻ കോളേജ് അദ്ധ്യാപിക സംഗീത അഭയ്. കൈത്തറി വസ്ത്രങ്ങളുടെ സ്ഥിരം പാറ്റേണും ഡിസൈനും തിരുത്തിയാണ് ബയോകെമിസ്ട്രി അദ്ധ്യാപികയായിരുന്ന സംഗീത വിജയവഴിയിൽ എത്തിയത്. ഇവർ തയ്യാറാക്കിയ മോഡലിൽ നിർമ്മിച്ച നെയ്തു വസ്ത്രങ്ങൾ ട്രെൻഡിംഗ് ആയതോടെ സംസ്ഥാനത്തെ കൈത്തറി മേഖലയ്ക്ക് തന്നെ മികച്ച മാതൃകയാണ് തുറന്നുകിട്ടിയിരിക്കുന്നത്.
32 ലക്ഷം രൂപയുടെ ടേണോവറാണ് സംഗീതയുടെ വിജയത്തിന് സാക്ഷി.എംപവർമെന്റ് ഓഫ് വുമൺ എന്റർപ്രണർഷിപ്പ് ( ഇവ് ) എന്ന സ്റ്റാർട്ടപ്പ് വഴിയാണ് വിവിധ സംസ്ഥാനങ്ങളിലെ കൈത്തറിഖാദി തുണികളുപയോഗിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ഇണങ്ങുന്ന ആധുനിക ഫാഷൻ വസ്ത്രങ്ങൾ ഇവർ രൂപകൽപന ചെയ്യുന്നത്. ഏഴു സംസ്ഥാനങ്ങളിലെ നെയ്ത്തുകാർക്കും ഓൺലൈൻ ഇടനിലക്കാർക്കും കരുത്താണ് ഇപ്പോൾ ഈ സംരംഭക.
പ്രസവത്തിനായി സ്വകാര്യ കോളേജിൽ നിന്ന് ലീവെടുത്തപ്പോഴാണ് ഇത്തരമൊരു ബിസിനസിനെപ്പറ്റി സംഗീത ആലോചിച്ചത്.പ്രകൃതിദത്തമായ നൂലും നിറങ്ങളും ഉപയോഗിച്ച് നിർമ്മിക്കുന്ന തുണിത്തരങ്ങൾ ഡിസൈൻ ചെയ്തായിരുന്നു തുടക്കം. ഫാഷൻ ഡിസൈനിംഗ് കോഴ്സും പൂർത്തീകരിയാക്കിയതോടെ ഓൺലൈൻ സൈറ്റുകളിലൂടെ പരിചയക്കാർക്കിടയിൽ വസ്ത്രം വിറ്റുതുടങ്ങി.
സ്വന്തമായി ഗാർമെന്റ്സ് യൂണിറ്റുകൾ തുടങ്ങി കൂടുതൽ ലാഭം നേടാമെന്ന ചിന്ത വിട്ട് പരമ്പരാഗത കൈത്തറി തൊഴിലാളികളെ സംരംഭത്തിൽ പങ്കാളികളാക്കുകയായിരുന്നു ഈ അദ്ധ്യാപിക. കൈത്തറിയെന്ന പേരിൽ പവർലൂമിൽ ഉത്പ്പാദിപ്പിക്കുന്ന തുണികൾക്ക് പകരം യഥാർത്ഥ കൈത്തറിയെ പുനരവതരിപ്പിക്കുകയായിരുന്നു സംഗീത .
കൈത്തറിയെ പുനഃരുജ്ജീവിപ്പിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെടുന്നിടത്താണ് സംഗീതയുടെ വിജയം.
2018ൽ സ്റ്റാർട്അപ് ആയാണ് ഇവ് റജിസ്റ്റർ ചെയ്തത്.മൈസോൺ സ്റ്റാർട്ടപ്പ് ഇൻകുബേഷർ ചീഫ് ഓപ്പറേറ്ററിംഗ് ഓഫീസറും ഇവിന്റെ സഹസ്ഥാപകനുനുമായ ഭർത്താവ് അഭയനും മക്കളായ ആവണിക്കും അഥിതിക്കുമൊപ്പം കണ്ണൂരാണ് സംഗീതയുടെ താമസം. നീലേശ്വരം സ്വദേശി വേങ്ങയിൽ ബാലകൃഷ്ണൻ നായരുടെയും സുധയുടെയും മകളാണ് സംഗീത.
വിപ്ലവം ഇവ
1. നെയ്ത്തുകാരും ഗാർമെന്റ് യൂണിറ്റുകാരും റീസെല്ലേഴ്സും സ്ത്രീകൾ.
2. ഫാഷൻ സാരീസ്. വെഡ്ഡിംഗ് കലക്ഷൻ , യൂത്ത് കാഷ്വൽ വെയറിംഗ്സ്,ലെഗിൻസ്, പലാസോ എന്നിവയാണ് കൈത്തറിയിൽ ഒരുക്കുന്നത്. ഖാദിയിൽ ബ്ലേസറുകൾ (കോട്ട്), സ്ത്രീകൾക്കുള്ള പാൻസുകൾ എന്നിവയാണ് അവസാനം ഇറക്കിയത്.
3.സ്ത്രീകളുടെ കൂട്ടായ്മകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയും വിതരണം
4. ഗോവ ഗവൺമെന്റിന്റെ കൈത്തറി പുനരുജ്ജീവിപ്പിക്കൽ പദ്ധതിയുടെ ഔദ്യോഗിക പങ്കാളിയാണ് ഇവ്.
ഒരു ലക്ഷ്യം കൂടിയുണ്ട്
കണ്ണൂരിൽ എല്ലാ സംസ്ഥാനത്തെയും കൈത്തറി നിർമ്മാണം നേരിട്ട് കണ്ട് വാങ്ങാവുന്ന രീതിയിൽ എക്സ്പീരിയൻസ് സെന്റർ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം.