ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; കോളേജ്‌ അധ്യാപകൻ പത്ത് ലക്ഷം നഷ്ടപരിഹാരം നൽകണം

Share our post

തൃശൂർ : സൈക്കോളജിസ്റ്റ്‌ വടക്കാഞ്ചേരി കാഞ്ഞിരക്കോട്‌ മുരിങ്ങയിൽ വീട്ടിൽ എം.കെ. പ്രസാദ്‌ എന്ന പ്രസാദ് അമോറിനെ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റിട്ട് അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതിയായ കോളേജ്‌ അധ്യാപകൻ പത്തുലക്ഷം രൂപ പിഴ നൽകാൻ കോടതി ശിക്ഷിച്ചു. കോട്ടയം വേവടയിൽ വേഴാവശേരി വീട്ടിൽ ഷെറിൻ.വി.ജോർജിനെയാണ്‌ തൃശൂർ ഒന്നാം അഡീഷണൽ സബ്‌ ജഡ്ജ് രാജീവൻ വാചാൽ ശിക്ഷിച്ചത്‌.

പത്തു ലക്ഷം കൂടാതെ ആറു ശതമാനം പലിശയും മുഴുവൻ കോടതി ച്ചെലവുകളും നൽകണം. ലൈസൻസ്ഡ് റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായി ആലപ്പുഴ അരൂരിലെ ലക്ഷ്മി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പ്രസാദിന്റെ സൈക്കോളജി ബിരുദാനന്തര ബിരുദവും എം ഫില്ലും, ലണ്ടനിലെ എൻ.സി.എഫ്‌.സി.യിൽനിന്നുള്ള എച്ച്‌.പി.ഡി ഡിപ്ലോമയും റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ ബിരുദാനന്തര ഡിപ്ലോമയും വ്യാജമാണെന്ന തരത്തിലാണ്‌ ഷെറിൻ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്‌. മാത്രമല്ല, പ്രസാദ് അമോർ യോഗ്യതയില്ലാത്ത സൈക്കോളജിസ്‌റ്റാണെന്ന്‌ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. ഇതേത്തുടർന്നാണ്‌ പ്രസാദ്‌, ദേവഗിരി സെയ്ന്റ് ജോസഫ് കോളേജിലെ അസി. പ്രൊഫസർ ഷെറിൻ.വി. ജോർജിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്.

വ്യാജ പ്രചാരണത്തെത്തുടർന്ന്‌ പല രോഗികളും ചികിത്സ നിർത്തി പോയി. പുതുതായി ആരും ചികിത്സയ്ക്ക് വരാത്ത സ്ഥിതിയും ഉണ്ടായി. ഇതേത്തുടർന്ന്‌ പരാതിക്കാരന്‌ വൻ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ്‌ ഷെറിൻ.വി.ജോർജിനോട്‌ പിഴ നൽകാൻ കോടതി വിധിച്ചത്‌. പരാതിക്കാരനുവേണ്ടി അഡ്വ. ശരത് ബാബു കോട്ടയ്ക്കൽ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!