നടൻ ദേവൻ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ

Share our post

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായി ചലച്ചിത്ര നടൻ ദേവനെ നിയമിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച് തുടങ്ങിയ ദേവൻ ഒടുവില്‍ പാര്‍ട്ടിയുമായി ബി.ജെ.പിയില്‍ ലയിക്കുകയായിരുന്നു. നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും രണ്ടിലും പരാജയപ്പെടുകയായിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെ. സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനത്തിലായിരുന്നു ലയനം. ദേവനേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വീകരിച്ചത്. 17 വർഷമായി താൻ വളർത്തിക്കൊണ്ടുവന്ന തന്റെ മകളാണ് കേരള പീപ്പിൾസ് പാർട്ടി എന്നാണ് ആ വേളയിൽ ദേവൻ പറഞ്ഞത്.

കേരളം എന്തുകൊണ്ട് അവികസിതമായി നിലകൊള്ളുന്നു എന്ന് കണ്ടെത്തിയപ്പോഴാണ് മാതൃപാര്‍ട്ടിയായ കോണ്‍ഗ്രസിനോട് ടാറ്റ പറഞ്ഞതെന്നും അതിന് ശേഷമാണ് 2004 ല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചതെന്നുമാണ് പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കുന്ന വേളയിൽ ദേവൻ പറഞ്ഞത്. അമിത്ഷായുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണ് സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!