മാക്കൂട്ടം ചുരം പാതയിലെ കാക്കത്തോട് വളവ് അപകടമേഖലയാകുന്നു

Share our post

ഇരിട്ടി : മാക്കൂട്ടം-ചുരം അന്തസ്സംസ്ഥാനപാതയുടെ തകർച്ച അപകടവും കൂട്ടുന്നു. 26 കിലോമീറ്റർ വരുന്ന കൂട്ടുപുഴ വീരാജ് പേട്ട റൂട്ടിൽ മാക്കൂട്ടം മുതൽ പെരുമ്പാടിവരെ 16 കിലോമീറ്റർ ചുരം പാത പൂർണമായും തകർന്നു കിടക്കുകയാണ്. മാക്കൂട്ടം കാക്കത്തോട് വളവ് മേഖലയിൽ തുടർച്ചയായി അപകടങ്ങളുമുണ്ടാകുന്നു.

കഴിഞ്ഞ രാത്രി വീരാജ്‌പേട്ട ഭാഗത്തുനിന്ന്‌ ഇറച്ചിക്കോഴികളുമായി വന്ന പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന നൂറോളം കോഴികൾ ചത്തു. ജീപ്പ്‌ ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചുരം ഇറക്കത്തിലെ വളവ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിനിടയാക്കുന്നത്. അവിടെ സിഗ്നൽ ബോർഡുകളോ മറ്റോ ഇല്ല. റോഡിന്റെ വീതിക്കുറവും അപകടത്തിന് കാരണമാകുന്നുണ്ട്.

10 വർഷം മുൻപാണ് റോഡ് പൂർണതോതിൽ നവീകരിച്ചത്. തുടർന്ന് ഇതുവരെ കാര്യമായ അറ്റകുറ്റപ്പണികളൊന്നും ഉണ്ടായിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് യാത്രാവാഹനങ്ങളും അതിലധികം ചരക്കുവാഹനങ്ങളും കടന്നുപോകുന്ന പാതയുടെ തകർച്ച വൻ യാത്രാദുരിതമാണ് ഉണ്ടാക്കുന്നത്.

വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന്‌ പൊതുവേ വീതി കുറവാണ്. തകർന്ന റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പിന്നാലെ വരുന്ന വാഹനങ്ങൾക്കും എതിർദിശയിൽനിന്നുള്ള വാഹനങ്ങൾക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും വൻ ഗർത്തമായതിനാൽ ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്ക്‌ കാരണമാകുന്നു.

കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 20 കിലോമീറ്റർ ഭാഗം ആദ്യഘട്ടത്തിലും പെരുമ്പാടി മുതൽ വീരാജ്‌പേട്ട വരെയുള്ള ആറുകിലോമീറ്റർ രണ്ടാം ഘട്ടത്തിലുമാണ് നവീകരിച്ചത്.

വർഷങ്ങളോളം കാൽനടയാത്രപോലും ദുഷ്കരമായിരുന്ന റോഡ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് നവീകരിച്ചത്. വീരാജ്‌പേട്ടയിലെ കർമസമിതിയുടെ പ്രതിഷേധങ്ങളും വലിയ സഹായമായി.

2017-ലെയും 18-ലെയും പ്രളയവും ഉരുൾപൊട്ടലും ചുരംപാതയിൽ വലിയ തോതിൽ നാശമുണ്ടാക്കി. മട്ടന്നൂർ വിമാനത്താവളം വന്നതോടെ ചുരം റോഡിന്റെ പ്രാധാന്യം വർധിച്ചു. ചുരംപാതയെ ദേശീയപാതയാക്കി ഉയർത്താനുള്ള നടപടികളും എങ്ങുമെത്തിയില്ല.

അപകടങ്ങളും വർധിച്ചു

: ചുരംപാതയിലെ അപകടങ്ങൾക്കുകാരണം റോഡിന്റെ ശോച്യാവസ്ഥയാണ്. കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാരൻ മരിച്ചത്‌ വീതി കുറഞ്ഞ റോഡിൽ വലിയ വാഹനത്തെ മറികടക്കുമ്പോഴാണ്. ആറുമാസത്തിനിടെ 20-ലധികം അപകടങ്ങളാണ് ചുരത്തിൽ ഉണ്ടായത്.

മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിലൂടെ പോകുന്ന റോഡിന് വീതികൂട്ടാനുള്ള നിർദേശം നേരത്തേയുണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് പ്രളയത്തിലും റോഡിന്റെ പലഭാഗങ്ങളും ഒഴുകിപ്പോയപ്പോൾ ഇക്കാര്യം പരിഗണിച്ചിരുന്നെങ്കിലും ഭൂമി വിട്ടുകൊടുക്കാൻ വനംവകുപ്പ് തയ്യാറായില്ല. 16 കിലോമീറ്റർ ചുരംപാതയിൽ ആറുമീറ്റർ പോലും വീതി പലയിടത്തുമില്ല. കൂടാതെ വെള്ളമൊഴുകി റോഡിന്റെ അരിക് വശങ്ങളിൽ രൂപംകൊണ്ട വലിയ കുഴികളും അപകടക്കെണിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!