പ്രവീണിന്റെ സ്വപ്നത്തിന് കൂട്ടായി കുടുംബശ്രീ

ഇരിട്ടി: ജോലിക്കിടെയുണ്ടായ വീഴ്ചയിൽ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പുരോഗിയായി മാറിയ ആറളം കൂട്ടക്കളത്തെ മരംകയറ്റ തൊഴിലാളി തുമ്പത്ത് പ്രവീണിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് ആറളം കുടുംബശ്രീ. പ്രവീണും ഭാര്യ പ്രവീണയും അടങ്ങിയ കുടുംബത്തിന് കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള കൂട്ടായ്മയിൽ സുരക്ഷിത വീടൊരുങ്ങിയത്.
മംഗലോടൻ ഇബ്രാഹിം ഹാജിയാണ് സ്നേഹ വീടിന്റെ നിർമാണച്ചുമതല ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ചത്. രണ്ട് മാസം മുമ്പ് മന്ത്രി എം.ബി. രാജേഷ് ആറളം പഞ്ചായത്ത് നിർമിച്ച 64 ലൈഫ് വീടുകളുടെ താക്കോൽ വിതരണ ചടങ്ങിൽ സ്നേഹവീട് നിർമാണത്തിനും തറക്കല്ലിട്ടു.
വീട് നിർമാണത്തിന് പഞ്ചായത്തിലെ അയൽക്കൂട്ടങ്ങൾ വഴി നാല് ലക്ഷവും കുടുംബശ്രീ നറുക്കെടുപ്പ് പദ്ധതിയിലൂടെ രണ്ട് ലക്ഷവും സമാഹരിച്ചു. 40000 രൂപയുടെ നിർമാണ സാമഗ്രികൾ ഉദാരമതികൾ നൽകി. 6,40,000 രൂപ മുടക്കിയാണ് 510 ചതുരശ്ര അടി വിസ്തൃതിയിൽ വീട് നിർമിച്ചത്. ജലനിധി പദ്ധതിയിൽ കുടിവെള്ളവും എത്തിക്കും.15ന് രാവിലെ 9.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറും.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷനാവും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സൂർജിത്ത് എന്നിവർ മുഖ്യാതിഥികളാവും. ആറളം ഫാം ആദിവാസി മേഖലയിലടക്കം കുടുംബശ്രീ വനിത കൂട്ടായ്മയിൽ വീട് നിർമിച്ച് മാതൃക തീർത്തവരാണ് ആറളം കുടുംബശ്രീ സി.ഡി.എസ്.