പത്തു വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും കൂടുതൽ പ്രമേഹ ബാധിതരുള്ള രാജ്യമായി മാറും

കണ്ണൂർ: അടുത്ത 10 വർഷത്തിനുള്ളിൽ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യമായി മാറുമെന്നു പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യയടക്കമുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പ്രമേഹബാധിതരുടെ എണ്ണം 68 ശതമാനം വർധിക്കുമെന്നാണ് ഇന്റർനാഷനൽ ഡയബറ്റിക് ഫെഡറേഷൻ സംഘടനയുടെ പ്രവചനം. ഇന്ത്യയിൽ ഏറ്റവുമധികം ജീവിത ശൈലീ രോഗങ്ങൾ കണ്ടുവരുന്നത് കേരളത്തിലാണ്.
പ്രതിവർഷം 10 ലക്ഷം മരണങ്ങൾ പ്രമേഹവും അനുബന്ധ രോഗങ്ങളും കാരണം സംഭവിക്കുന്നുണ്ട്. ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസം പ്രമേഹത്തെ പ്രതിരോധിക്കും. അശാസ്ത്രീയമായ പ്രമേഹ രോഗ ചികിത്സ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്. ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയവയ്ക്കുള്ള പ്രധാനകാരണം അനിയന്ത്രിതമായ പ്രമേഹമാണ്.
വളരെ ഫലപ്രദമായ മരുന്നുകൾ വിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നെന്നും നിർമിത ബുദ്ധിയും ഇന്റർനെറ്റ് നിയന്ത്രിത രോഗ നിയന്ത്രണ സംവിധാനങ്ങളും വരും കാലങ്ങളിൽ ചികിത്സയിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും തിരുവനന്തപുരം ജ്യോതി ദേവ് കേശവ ദേവ് ഡയബറ്റിക് ഗവേഷണ മേധാവി ഡോ.ജ്യോതി ദേവ് കേശവദേവ് പറഞ്ഞു.
മദ്രാസ് ഡയബറ്റിക് റിസർച് സെന്റർ ഡയറക്ടർ ഡോ.രഞ്ജിത്ത് ഉണ്ണിക്കൃഷ്ണൻ, ഡോ.അജിത് കുമാർ ശിവശങ്കരൻ, ഡോ.പി.സുരേഷ് കുമാർ, ഡോ.പ്രശാന്ത് ശങ്കർ, പരിയാരം ഗവ.മെഡിക്കൽ കോളജ് പ്രഫസർ ഡോ.ബാലകൃഷ്ണൻ വള്ളിയോട്, ഡോ.ബോബി കെ.മാത്യു (യുഎഇ), ഡോ.ജ്യോതി ദേവ്, ഡോ.ജോ ജോർജ്, ഡോ.സഹാനാ ഷെട്ടി, ഡോ.റോജിത്, ഡോ.വികാസ് മാലിനെനി, ഡോ.അനിൽ കുമാർ, ഡോ.പ്രശാന്ത് മാപ്പാ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
ഡോ.ആർ.അർജുൻ, ഡോ.ബാലകൃഷ്ണ പൊതുവാൾ, ഡോ.മൊയ്തു, ഡോ.ടി.കെ.ഷബീർ, ഡോ.നിർമൽ രാജ്, മീഡിയ കൺവീനർ ഡോ.സുൽഫിക്കർ അലി എന്നിവർ പ്രസംഗിച്ചു. റിസർച് സൊസൈറ്റി ഫോർ ഡയബറ്റിസ് ഇൻ ഇന്ത്യ കേരള ചാപ്റ്ററും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫിസിഷ്യൻ ക്ലബ്ബും ചേർന്നു സംഘടിപ്പിച്ച പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമത്തിൽ 200ലധികം പേർ പങ്കെടുത്തു. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരും സംഗമത്തിനെത്തിയിരുന്നു.