എടക്കാനം-എടയിൽകുന്ന് കലുങ്ക് നിർമാണത്തിലെ അപാകം: വിജിലൻസ് അന്വേഷണം തുടങ്ങി

ഇരിട്ടി : ഇരിട്ടി നഗരസഭയിലെ എടക്കാനം-എടയിൽകുന്ന് റോഡിൽ 25 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കലുങ്കിന്റെ നിർമാണത്തിൽ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി.
വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കലുങ്കുനിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ നഗരസഭയിൽനിന്ന് വിജിലൻസ് സംഘം നേരത്തേതന്നെ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസ് സംഘം വിശദമായ അന്വേഷണമാരംഭിച്ചത്.
കോഴിക്കോട്ടു നിന്നുള്ള എൻജിനീയറിങ് വിഭാഗവും വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘവും കലുങ്കും അനുബന്ധ റോഡും പരിശോധിച്ചു.
എൻജിനീയറിങ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്തദിവസം തന്നെ നഗരസഭ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് റിപ്പോർട്ട് തേടുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം 25 ലക്ഷം രൂപ ചെലവിലാണ് എടയിൽക്കുന്ന് കലുങ്ക് പണി പൂർത്തിയാക്കിയത്. തദ്ദേശവകുപ്പിന്റെ ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിന്റേതായിരുന്നു നിർമാണം.
പഴശ്ശി പദ്ധതി പ്രദേശത്തുകൂടി കടന്നുപോകുന്ന എടക്കാനം- എടയിൽകുന്ന് റോഡ് ഉയർത്തുന്നതിനായാണ് 2022-ൽ കലുങ്ക് നിർമിച്ചത്. കലുങ്ക് മാത്രം പണിത്, റോഡിന്റെ ഇരുവശങ്ങളിലും മണ്ണുനിറച്ച ചാക്കുകൾ നിരത്തി മണ്ണിട്ടുയർത്തുകയായിരുന്നു.
വെള്ളം കെട്ടിനില്ക്കുന്ന പ്രദേശമായതിനാൽ മണ്ണുനിറച്ച ചാക്കുകൾ നശിക്കുന്നതോടെ റോഡ് ഇടിയാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നിർമാണഘട്ടത്തിൽത്തന്നെ പ്രദേശവാസികൾ പരാതി നൽകിയിരുന്നു. ആറുമാസം തികയും മുൻപ് കലുങ്കിന്റെ കോൺക്രീറ്റ് സ്ലാബ് വിണ്ടുകീറി കലുങ്കും റോഡും അപകടാവസ്ഥയിലായി. തുടർന്നാണ് കലുങ്ക് നിർമാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നുവെന്നാരോപിച്ച് പ്രദേശവാസികൾ വിജിലൻസിന് പരാതി നൽകിയത്.