ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾ പഠനത്തിന്റെ ഭാഗമാക്കാൻ തീരുമാനം

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം പരിഷ്കരിക്കാൻ തീരുമാനം. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ പോക്സോ നിയമങ്ങൾ അടക്കമുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തും.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സർക്കാറിന്റെ തീരുമാനം. വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടുത്ത അധ്യയനവർഷം പരിഷ്കരിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.
അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് അടുത്തവർഷം മുതൽ ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തുന്നത്. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാകും പോക്സോ നിയമങ്ങൾ അടക്കമുള്ള ഭാഗങ്ങൾ കൂട്ടിച്ചേർക്കുക. പോക്സോ നിയമത്തിന്റെ പല വശങ്ങൾ, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ തമ്മിലെ വ്യത്യാസം തുടങ്ങി വിശദമായി തന്നെ പാഠങ്ങൾ ക്രമീകരിക്കും. പ്രായപരിധി നിശ്ചയിച്ച് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഞ്ചാം ക്ലാസ് മുതൽ പാഠങ്ങൾ ഉൾപ്പെടുത്തുന്നത്.
നാലാം തരം വരെയുള്ള കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നൽകും. പ്രത്യേക ക്ലാസുകളും കൈപ്പുസ്തകങ്ങളും മുഖേനയാകും മാതാപിതാക്കൾക്ക് ബോധവൽക്കരണം നൽകുക. വരുംവർഷങ്ങളിൽ എട്ടു മുതൽ പത്ത് വരെ ക്ലാസുകളിലെ ജീവശാസ്ത്ര പുസ്തകങ്ങളിൽ കൂടി ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
സ്കൂൾ കുട്ടികളെ പോക്സോ നിയമം പഠിപ്പിക്കണമെന്ന് ഒരു വർഷം മുൻപ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.