വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

സുൽത്താൻബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാകേരി മൂടക്കൊല്ലിയിൽ പ്രജീഷ് (36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിലാണ്.
ഉച്ചയോടെ പശുവിന് പുല്ലുവെട്ടാൻ പോയതായിരുന്നു പ്രജീഷ്. തിരിച്ചെത്താത്തിനെത്തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴാണ് വയലിൽ പാതി ഭക്ഷിച്ച നിലയിൽ പ്രജീഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും 500 മീറ്റർ ദൂരത്തിനുള്ളിൽ വനപ്രദേശമാണ്. കടുവയുടെ ആക്രമണമാണെന്നാണ് പ്രാഥമിക സ്ഥിരീകരണം.
നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശമാണിത്. കന്നുകാലികളെ കടുവ ആക്രമിച്ചിരുന്നു. മധ്യപ്രദേശ് സർക്കാരിൻ്റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റ് കടുവയുടെ താവളമാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. 600 ഏക്കറോളം വിസ്‌തീർണ്ണമുള്ള എസ്‌റ്റേറ്റ് ആണിത്. കടുവ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനെതിരെ നാട്ടുകാർ പലതവണ പ്രതിഷേധം ഉയർത്തിയിരുന്നു