കുട്ടിപ്പുല്ലിലെ കാഴ്ചകൾ സുന്ദരം; സഞ്ചാരികള്‍ക്ക് വഴിതെളിയുന്നു

നടുവിൽ : ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ കുട്ടിപ്പുല്ലിന്റെ മുഖം തെളിയും. ഇതോടെ നടുവിൽ പഞ്ചായത്തിലെ നാലാമത്തെ വിനോദ സഞ്ചാര കേന്ദ്രമാകും കുട്ടിപ്പുല്ല്. ഇതു സംബന്ധിച്ച പദ്ധതികൾ പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ചു. സാങ്കേതികാനുമതി ലഭിച്ചാൽ മറ്റ് നടപടികൾ പൂർത്തിയാക്കി നിർമാണം നടത്താൻ കഴിയും.
2023-24 സാമ്പത്തികവർഷത്തിലെ പദ്ധതികളിൽപ്പെടുത്തിയാണ് പണി പൂർത്തിയാക്കുക. 83 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് 33.2 ലക്ഷവും വിനോദസഞ്ചാരവകുപ്പ് 49.8 ലക്ഷവും ആണ് ചെലവഴിക്കുക.
ഒന്നാം ഘട്ടത്തിൽ ഗ്രാമപ്പഞ്ചായത്താണ് തുക ചെലവഴിക്കേണ്ടത്. ഇതനുസരിച്ച് വിശ്രമമുറി, കോട്ടേജുകൾ, പാർക്കിങ് ഏരിയ, ആംഫി തിയേറ്റർ തുടങ്ങിയവയാണ് നിർമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ മൂന്ന് കോട്ടേജ്, ജിം, കുട്ടികളുടെ പാർക്ക്, ബാഡ്മിന്റൺ കോർട്ട് എന്നിവയും നിർമിക്കും.
പാത്തൻപാറയിൽനിന്ന് കുട്ടിപ്പുല്ലിലേക്കുള്ള റോഡ് നവീകരണം, സൗന്ദര്യവത്കരണം തുടങ്ങിയവയും നടക്കും. പഞ്ചായത്തിന്റെ കൈവശമുള്ള 70 സെൻറ് സ്ഥലം ഇതിനായി പ്രയോജനപ്പെടുത്തും. പദ്ധതിക്കുള്ള സാങ്കേതികാനുമതിയായിട്ടില്ല. ഈ വർഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കാഴ്ചകൾ കേമം
കുട്ടിപ്പുല്ലിലെ കാഴ്ചകൾ മനോഹരമാണ്. പൈതൽമലയുടെ തെക്കുപടിഞ്ഞാറൻ കാഴ്ചയാണ് ഇവിടത്തെ പ്രത്യേകത. കോടമഞ്ഞും കാറ്റും വനഭംഗിയും മനംമയക്കും. കാട്ടിനുള്ളിൽനിന്നും കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടവും ഉണ്ട്.
വിശാലമായ വാഴത്തോട്ടങ്ങൾ മറ്റെങ്ങും കാണാൻ പറ്റില്ല. സ്വകാര്യ സംരംഭകരുടെ റിസോർട്ടുകൾ, കാപ്പി, പ്ലാവ് തോട്ടങ്ങളും കുട്ടിപ്പുല്ലിൽ തയ്യാറാണ്. കാട്ടാനശല്യവും പൊതുവെ കുറവാണ്. ചുറ്റും വനവും മധ്യഭാഗത്ത് കൃഷിയിടങ്ങളുമുള്ളത് വനത്തിനുള്ളിലെത്തിയ പ്രതീതി ഉണ്ടാക്കും.
പാത്തൻപാറയിൽ നിന്നും കുടിയാന്മലയിൽ നിന്നും കുട്ടിപ്പുല്ലിൽ എത്താൻ കഴിയും. രണ്ട് സ്ഥലങ്ങളിൽ നിന്നും ടാക്സി ജീപ്പ് കിട്ടും. സ്വന്തം വാഹനങ്ങളിലും എത്തിച്ചേരാം.