പായത്തെ പാടശേഖരങ്ങളിൽ ബംഗാളിപ്പാട്ടിന്റെ ഈണം

ഇരിട്ടി : വയൽപ്പണിക്ക് ആളില്ലാത്തതിനാൽ തരിശിട്ട പായത്തെ വയലേലകളിൽ ഇപ്പോൾ മുഴങ്ങുന്നത് ബംഗാളി നാട്ടിപ്പാട്ടിന്റെ ഈണം. പാടത്തെ ചെളിപുരളാൻ നാട്ടിൽ ആളെ കിട്ടാഞ്ഞതോടെ ബംഗാളികളെ ഇറക്കിയാണ് ഇക്കുറി പായത്ത് നെൽക്കൃഷി ആരംഭിച്ചിരിക്കുന്നത്.
മൂർഷിദാബാദിൽ നിന്ന് എത്തിയ അഞ്ചംഗ സംഘമാണ് പണിക്കിറങ്ങിയത്. കരനെൽക്കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുമ്പോൾ പരമ്പരാഗതമായി രണ്ടും മൂന്നും വിള ലഭിക്കുന്ന പാടടേഖരങ്ങൾ വർഷങ്ങളായി പണിക്കാരെ കിട്ടാതെ തരിശിടുകയായിരുന്നു.
വിതയ്ക്കാനും കൊയ്യാനും തൊഴിലാളികളെ കിട്ടാതായതോടെ മൂന്നുവിള രണ്ടുവിളയായും പിന്നീട് ഒന്നിലേക്കും ചുരുങ്ങി. പായത്തും സമീപ പ്രദേശങ്ങളിലും ഏക്കർകണക്കിന് പാടശേഖരമാണ് കാടുകയറിക്കിടക്കുന്നത്.
പായം പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ഇത്തവണ നെൽക്കൃഷി പുനരാരംഭിക്കാൻ ഉറച്ച തീരുമാനമെടുത്തു.തൊഴിലാളിക്ഷാമം പരിഹരിക്കാൻ ബംഗാളിൽനിന്ന് ആളുകളെ എത്തിച്ചു. അഞ്ചുഹെക്ടർ സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ബംഗാളിത്തൊഴിലാളികളെ പ്രയോജനപ്പെടുത്തി കൃഷി ആരംഭിച്ചത്.a