ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്ത്രീകളെ നഗ്നരാക്കുന്ന വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും ജനപ്രീതി വര്‍ധിക്കുന്നതായി ഗവേഷകര്‍. സോഷ്യല്‍ നെറ്റ് വര്‍ക്ക് അനാലിസിസ് കമ്പനിയായ ഗ്രാഫിക നല്‍കുന്ന വിവരം അനുസരിച്ച് സെപ്റ്റംബറില്‍ മാത്രം 2.4 കോടി ആളുകള്‍ ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എ.ഐ ഉപയോഗിച്ച് അനുമതിയില്ലാതെ പോണോഗ്രഫി ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നത് വര്‍ധിക്കുന്നതിന്റെ സൂചനയാണ് ഈ റിപ്പോര്‍ട്ട്.
ജനപ്രിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇങ്ങനെയുള്ള ‘ന്യൂഡിഫൈ’ സേവനങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. എക്‌സ്, റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം സേവനങ്ങളുടെ ലിങ്കുകള്‍ പരസ്യം ചെയ്യപ്പെടുന്നതില്‍ അതിഭീമമായ വര്‍ധനവുണ്ടായിട്ടുണ്ട്. എക്‌സ്, ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയ സേവനങ്ങളില്‍ ന്യൂഡിഫൈ സേവനങ്ങള്‍ പരസ്യം ചെയ്യപ്പെടുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളില്‍ പണം നല്‍കിയുള്ള സേവനങ്ങള്‍ ഉപയോഗിക്കാനും ആളുകളുണ്ട്.
എ.ഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഈ സേവനങ്ങള്‍ ആളുകളെ നഗ്നരാക്കുന്നത്. വ്യക്തികളുടെ ശരീരത്തിനിണങ്ങും വിധമുള്ള നഗ്നശരീരം നിര്‍മിക്കാന്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ക്ക് സാധിക്കുന്നു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ അവരറിയാതെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സേവനങ്ങളില്‍ പലതിലും സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
എക്‌സില്‍ വന്ന ഒരു ആപ്പിന്റെ പരസ്യത്തില്‍ ഒരാളുടെ നഗ്നചിത്രം നിര്‍മിച്ച് അയാള്‍ക്ക് തന്നെ അയച്ചുകൊടുക്കാം എന്ന വാഗ്ദാനമാണ് നല്‍കുന്നതെന്ന് ഗ്രാഫിക ചൂണ്ടിക്കാട്ടുന്നു. ഇത് ഭീഷണിപ്പെടുത്തലിന് സഹായിക്കുക്കയാണ്.
ഓപ്പണ്‍ സോഴ്‌സ് ഡിഫ്യൂഷന്‍ മോഡലുകളുടെ ലഭ്യതയാണ് ഇത്തരം സേവനങ്ങളുടെ ജനപ്രീതികള്‍ക്ക് ഇടയാക്കുന്നതെന്ന് ഗ്രാഫിക പറയുന്നു. ഓപ്പണ്‍ സോഴ്‌സ് ആയതിനാല്‍ തന്നെ സൗജന്യമായി അവ ലഭ്യമാവുകയും ആളുകള്‍ക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാനും കഴിയുന്നു. മാത്രവുമല്ല ഓപ്പണ്‍ സോഴ്‌സ് ഡിഫ്യൂഷന്‍ മോഡലുകള്‍ അതിവേഗം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച ഉയര്‍ത്തുന്ന വലിയ ഭീഷണികളിലൊന്നാണ് അനുമതിയില്ലാതെയുള്ള പോണോഗ്രഫി. ഒരു യഥാര്‍ത്ഥ വ്യക്തിയുടെ ചിത്രത്തിലെ ശരീരത്തിന് ഇണങ്ങും വിധത്തിലുള്ള യഥാര്‍ത്ഥമെന്ന് തോന്നുന്ന നഗ്നശരീരങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ എ.ഐ സാങ്കേതിക വിദ്യകളിലൂടെ സാധിക്കും.
അതേസമയം ഈ ആപ്പുകള്‍ക്കും ഉള്ളടക്കങ്ങള്‍ക്കും എതിരെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗൂഗിള്‍, റെഡ്ഡിറ്റ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കിയതായി ഗ്രാഫിക പറഞ്ഞു. എന്നാല്‍ എക്‌സ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.