കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ വാഴൂരിൽ; ഇന്ന് തിരുവനന്തപുരത്ത് പൊതുദർശനം

കൊച്ചി : അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടു മണി വരെ പട്ടം സിപിഐ ഓഫീസിൽ പൊതുദർശനത്തിനുവയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും. ഞായറാഴ്‌ച രാവിലെ 11 മണിയോടെയാകും വാഴൂർ കാനത്തെ വീട്ടുവളപ്പിൽ സംസ്‌കാരം. ഭാര്യ: വനജ. മക്കൾ: സ്മിത (സേലം), സന്ദീപ് (ബിസിനസ്). മരുമക്കൾ: താര (ഫിനാൻസ് വിഭാഗം, സെക്രട്ടേറിയറ്റ്), സർവേശ്വരൻ (ബിസിനസ്).
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.
ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു. 2015 മുതലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു.
വാഴൂരിലെ കാനം എന്ന പ്രദേശത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പര്യായമാക്കിയ രാജേന്ദ്രൻ കൊച്ചുപുരയിടത്തിൽ വി.കെ. പരമേശ്വരൻ നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മകനായി 1950-ലാണ് ജനിച്ചത്. വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായ കാനം 20-ാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയും പിന്നീട് ദേശീയ വൈസ് പ്രസിഡൻറുമായി. അതേവർഷം സി.പി.ഐ. സംസ്ഥാന കൗൺസിലംഗവുമായി.
വാഴൂരിൽനിന്ന് 1982-ലും 1987-ലും എം.എൽ.എ.യായി. ഇതേസമയംതന്നെ പാർട്ടിയുടെ കോട്ടയം ജില്ലാസെക്രട്ടറിയുമായി. 2015-ൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി. തുടർന്ന് 2018-ലും 2022-ലും സെക്രട്ടറി. ഇടതുമുന്നണി ഭരിക്കുമ്പോഴും സർക്കാർ നയങ്ങളെ വിമർശിച്ചു. തിരഞ്ഞെടുപ്പുകളിൽ രണ്ടുവട്ടമെന്ന ഊഴം കർശനമായി നടപ്പാക്കിയ കാനം മന്ത്രിസ്ഥാനത്തേക്ക് പുതുമുഖങ്ങളെ എത്തിക്കുന്നതിലും നിർണായക തീരുമാനമെടുത്തു.