തീരാതെ യാത്രാതടസ്സം: നായിക്കാലിയിൽ റോഡ് നവീകരണം നിലച്ചു

മട്ടന്നൂർ : മട്ടന്നൂർ-മണ്ണൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ റോഡിന്റെ നീവകരണം നിലച്ചിട്ട് ഒരുമാസം കഴിഞ്ഞു. ഡിസംബറോടെ പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയ പണിയാണ് എങ്ങുമെത്താതെ നിലച്ചത്.
കരാറുകാർ പണിസാധനങ്ങളും മറ്റും സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. പ്രവൃത്തി എപ്പോൾ പുനരാരംഭിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഏപ്രിലിൽ പണി തുടങ്ങിയപ്പോൾ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. പകുതിഭാഗം ഇടിച്ചുതാഴ്ത്തിയ റോഡിലൂടെ യാത്രയും അപകടകരമാണ്. മഴ നിന്നതോടെ പൊടിശല്യംമൂലം കാൽനടയാത്രപോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.
പ്രവൃത്തി നിലച്ചതിനെ തുടർന്ന് സ്ഥലം എം.എൽ.എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേർന്നിരുന്നു. ഉടൻ പുനരാരംഭിക്കാൻ തീരുമാനിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല.
റോഡ് പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടിയാണ് പുനർനിർമിക്കുന്നത്. 2019-ലാണ് മഴയിൽ മണ്ണൂർ-മട്ടന്നൂർ റോഡ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചത്. പ്രതിഷേധങ്ങൾക്ക് ശേഷമാണ് റോഡിന്റെ പുനരുദ്ധാരണപ്രവൃത്തി തുടങ്ങിയത്.
പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് മുൻപ് സ്ഥലം സന്ദർശിക്കുകയും റോഡിനെക്കുറിച്ച് പഠനം നടത്താൻ പാലക്കാട് ഐ.ഐ.ടി. സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. നിർമാണം തുടങ്ങാൻ വൈകിയതോടെ പണി ഈ വർഷം പൂർത്തിയാക്കുന്നതിനെച്ചൊല്ലി ആശങ്ക ഉയർന്നിരുന്നു. പ്രവൃത്തി പൂർത്തിയാക്കാത്തത് മൂലം പ്രദേശവാസികൾ ഏറെ നാളായി യാത്രാദുരിതം അനുഭവിക്കുകയാണ്.