‘കടുവ സ്ഥലത്ത് തന്നെ’, താമരശേരി ചുരത്തിൽ ഇറങ്ങരുത്; ജാഗ്രതാ നിര്‍ദേശങ്ങള്‍

Share our post

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്തിയ താമരശേരി ചുരത്തിന്റെ എട്ട്, ഒന്‍പത് വളവുകള്‍ക്കിടയില്‍ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്. ചുരം റോഡിന്റെ രണ്ടുഭാഗത്തുമായാണ് ക്യാമറകള്‍ വെച്ചത്. ഇതിന് പുറമെ വനംവകുപ്പിന്റെ പട്രോളിങ് സംഘവും രാത്രിയില്‍ നിരീക്ഷണം നടത്തും.

അതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയും കടുവയെ കണ്ടെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും ഇക്കാര്യം വനംവകുപ്പ് നിഷേധിച്ചിട്ടുണ്ട്. വനംവകുപ്പ് സംഘം പട്രോളിങിന്റെ ഭാഗമായി ഒന്‍പതാം വളവില്‍ നിലയുറപ്പിച്ചതിനാല്‍ ചില യാത്രക്കാര്‍ കടുവ വീണ്ടുമിറങ്ങിയിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് പറയുന്നത്. ചുരത്തിലൂടെയുള്ള രാത്രി യാത്ര ജാഗ്രതയോടെയായിരിക്കണമെന്ന് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞദിവസം രാത്രിയിലാണ് ചുരംറോഡില്‍ കടുവയെ കണ്ടെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹൈവേ പൊലീസ് സംഘവും കടുവ കണ്ടിരുന്നു. പൊലീസുകാര്‍ പകര്‍ത്തിയതെന്ന് കരുതുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഏകദേശം അഞ്ചരവയസ് തോന്നിക്കുന്ന കടുവയാണ് കഴിഞ്ഞദിവസം ലോറി ഡ്രൈവര്‍ കണ്ടത്.

അതിനാല്‍ കുഞ്ഞ് സമീപത്തെവിടെയെങ്കിലും ഉണ്ടാവാമെന്ന് വനംവകുപ്പിന് സംശയമുണ്ട്. അങ്ങനെയെങ്കില്‍ കടുവ കൂടുതല്‍ ദൂരം പോയിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരീക്ഷണം നടത്തി കടുവയുടെ നീക്കം മനസിലാക്കും. റോഡിലേക്ക് സ്ഥിരമായി എത്തുന്നുണ്ടോ എന്നതും ശ്രദ്ധിക്കും.

വൈത്തിരിയിലും ലക്കിടിയോടു ചേര്‍ന്നുള്ള വനമേഖലയിലും നേരത്തേ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. അപൂര്‍വ്വമായി കടുവ റോഡ് മുറിച്ച് കടന്നു പോയപ്പോഴായിരിക്കാം ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ കടുവയെ കണ്ട ഭാഗം ജനവാസ മേഖലയല്ലാത്തതിനാല്‍ കൂടുതല്‍ ആശങ്കക്ക് വകയില്ല. എന്നാല്‍ രാത്രിയില്‍ പ്രത്യേകിച്ച് ഏറെ വൈകി ചുരം പാതയിലൂടെ പോകുന്നവര്‍ ഈ ഭാഗങ്ങളില്‍ വാഹനത്തില്‍ നിന്നിറങ്ങി നില്‍ക്കരുതെന്നാണ് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!