തദ്ദേശ ആസൂത്രണത്തിന് വിവരസഞ്ചയിക ഒരുങ്ങുന്നു: വിരൽതുമ്പിലുണ്ടാകും വിവരം

കണ്ണൂർ: ജില്ലയുടെ വികസനത്തിന് ആവശ്യമായ ആസൂത്രണത്തിന് വേണ്ടുന്ന സ്ഥിതി വിവരക്കണക്കുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച വിവരസഞ്ചയിക പദ്ധതിക്കായി വിവരശേഖരണം തുടങ്ങി.
ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും സംയുക്തമായാണ് വിവരസഞ്ചയിക തയ്യാറാക്കുന്നത്.
ഓൺലൈൻ സംവിധാനത്തിലൂടെ ഏത് സമയത്തും ഭരണസമിതിക്ക് വിവരങ്ങൾ ലഭ്യമാകുന്ന രീതിയിൽ ക്രോഡീകരിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ലയിലെ 47 ഗ്രാമപഞ്ചായത്തുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, ഒരു നഗരസഭയുമാണ് വിവരശേഖരണ സർവേ നടത്തുക. ബാക്കി തദ്ദേശ സ്ഥാപനങ്ങളിൽ മറ്റു ഏജൻസികൾ വഴിയും വിവര ശേഖരണം നടത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് ഫീൽഡ് തലത്തിലുള്ള വിവരശേഖരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. സെക്രട്ടറിയാണ് പദ്ധതിയുടെ പഞ്ചായത്ത് തല നിർവഹണ ഉദ്യോഗസ്ഥർ. ഒരു വാർഡിൽ ഒരു മാസം കൊണ്ട് സർവേ പൂർത്തിയാക്കും. സ്വകാര്യതയെ ബാധിക്കാത്ത വിവരങ്ങളാണ് ലഭ്യമാക്കുക. ഓരോ അഞ്ച് വർഷത്തിലും വിവരങ്ങൾ പുതുക്കും.
പ്രവർത്തനം നേരത്തേ ആരംഭിച്ചു
വിവരസഞ്ചയികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ഇതിനായി തദ്ദേശ സ്ഥാപന പ്രതിനിധികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചിരുന്നു. തദ്ദേശസ്ഥാപനതല സെക്രട്ടറിമാർക്കും ജില്ലാതല മാസ്റ്റർ ട്രെയിനർമാർക്കും സൂപ്പർവൈസർമാർക്കും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും പ്ലാൻ ക്ലാർക്കുമാർക്കും മാസ്റ്റർ ട്രെയിനർമാർ,സൂപ്പർവൈസർമാർ, എന്യൂമറേറ്റർമാർ എന്നിവർക്കും പരിശീലനവും നൽകി.
വിവര സഞ്ചയിക
ജില്ലയുടെ വികസനത്തിനുതകുന്ന രീതിയിൽ സമഗ്ര ആസൂത്രണത്തിന് ജില്ലയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടത്തുന്ന പദ്ധതി . ജില്ലയിലെ കെട്ടിടങ്ങളുടെ ലൊക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ വിവര സഞ്ചയിക പോർട്ടലിലൂടെ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ലഭിക്കും. പോർട്ടലിൽ ലഭിക്കുന്ന മാപ്പിലൂടെ സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, റേഷൻ കടകൾ തുടങ്ങി എല്ലാ കെട്ടിടങ്ങളുടെയും സ്ഥാനം ഉൾപ്പെടെ മനസ്സിലാക്കാനാകും.ഗാർഹിക-ഗാർഹികേതര കെട്ടിടങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികൾ, വാടകക്ക് താമസിക്കുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് സർവ്വേ നടത്തുക. ജില്ലയിലെ മുഴുവൻ കെട്ടിടങ്ങൾക്കും ജിയോ ടാഗ് ഏർപ്പെടുത്തും.
വിവരങ്ങൾ
*തൊഴിൽ
*വിദ്യാഭ്യാസം
*സാമ്പത്തിക സ്ഥിതി
*ലഭിക്കുന്ന ആനുകൂല്യങ്ങൾ
*രോഗങ്ങൾ
*വിദേശത്തുള്ളവർ
*ലൊക്കേഷൻ