16-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിന് 46 വര്‍ഷം കഠിനതടവ്

Share our post

പെരിന്തല്‍മണ്ണ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിയായ യുവാവിനെ 46 വര്‍ഷം കഠിനതടവിനും 2,05,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും എട്ടുമാസവും അധികതടവ് അനുഭവിക്കണം. കൊട്ടപ്പുറം ചട്ടിപ്പറമ്പ് താമരശ്ശേരി വീട്ടില്‍ ഷമീമി (28)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍പ്രകാരം 41 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കുന്നപക്ഷം അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.

2020 മാര്‍ച്ചില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അടിപിടി, വഞ്ചന തുടങ്ങിയ കേസുകളില്‍ പ്രതിയാണ് സ്വകാര്യബസ് ജീവനക്കാരനായ ഷമീം.

പെരിന്തല്‍മണ്ണ എസ്.ഐ. മാരായിരുന്ന രമാദേവി, ഹേമലത എന്നിവരന്വേഷിച്ച കേസില്‍ പ്രതിയെ അറസ്റ്റുചെയ്തത് ഇന്‍സ്‌പെക്ടര്‍ സി.കെ. നാസറും കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയുമായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!