Kerala
‘അക്കരെ’ സിനിമയുടെ കഥാകാരനും എഴുത്തുകാരനുമായ പി.കെ. നന്ദനവര്‍മ അന്തരിച്ചു

കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ പറവൂര്‍ സായികൃപയില്‍ പി.കെ. നന്ദനവര്‍മ (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവ യു.സി. കോളേജിനു സമീപം ഒക്സണിയ റിവേറ മാന്‍ഷന്‍ ഫ്‌ളാറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
വൈക്കം കൊട്ടാരത്തില്‍ കോവിലകത്ത് പരേതനായ പി.ആര്‍. കുഞ്ഞുണ്ണി തിരുമുല്‍പ്പാടിന്റെയും ചേര്‍ത്തല പടിഞ്ഞാറേ കാട്ടുങ്കല്‍ കോവിലകത്ത് പരേതയായ തങ്കക്കുട്ടിയമ്മയുടെയും മകനാണ്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. ദീര്‍ഘകാലം സത്യസായി സേവാസമിതിയുടെ പറവൂര്‍ കണ്‍വീനറായും ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘അക്കരെ’ എന്ന സിനിമയുടെ കഥ ഇദ്ദേഹത്തിന്റേതാണ്. ഇതേ പേരിലുള്ളതുകൂടാതെ ഉഷ്ണസന്ധ്യകള്‍, അപരിചിതന്റെ അനുജത്തി എന്നിവയാണ് ചെറുകഥാ സമാഹാരങ്ങള്‍. വാനമ്പാടി, മധുരഭക്തി (കവിതാ സമാഹാരം), മരമൊരു വരം (ബാലസാഹിത്യം), സായി ദര്‍ശനം (വിവര്‍ത്തനം) എന്നിവയുടെ രചയിതാവുമാണ്.
സീരിയലും ഡോക്യുമെന്ററികളും ലഘു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ ഭക്തിഗാനങ്ങളുമെഴുതി.
വയലിനിസ്റ്റ് മാവേലിക്കര കൊട്ടാരത്തില്‍ സുലേഖ വര്‍മയാണ് ഭാര്യ. മക്കള്‍: സന്ദീപ് വര്‍മ (വൈസ് പ്രസിഡന്റ് ബിസിനസ് ഓപ്പറേഷന്‍സ്, സ്റ്റോറി ബോട്സ്, ഗുഡ്ഗാവ്), സിനിമാ താരം ശബരീഷ് വര്‍മ. മരുമക്കള്‍: ശാലിനി (ആമസോണ്‍), അശ്വിനി (സിനിമ ആര്‍ട്ട് ഡയറക്ടര്‍). സഹോദരങ്ങള്‍: പരേതരായ പി.കെ. ഹരീന്ദ്ര വര്‍മ, ശാന്തകുമാരി.
അക്ഷരങ്ങള്‍ക്കക്കരെ, പാരമ്പര്യത്തിനിക്കരെ
കൊച്ചി: കാളിദാസന്റെ ഉജ്ജൈനിയിലെ ക്ഷേത്രത്തില്‍നിന്നു കിട്ടിയ പ്രസാദത്തിന്റെ ഓര്‍മയാണ് പി.കെ. നന്ദനവര്‍മയെക്കുറിച്ചു പറയുമ്പോള്‍ എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മയുടെ മനസ്സിലുള്ളത്. ഏതാണ്ട് അറുപതുവര്‍ഷത്തിനപ്പുറത്തുള്ള ഒരു സമ്മാനത്തിന്റെ അനുഭവമാണത്. ക്ഷേത്രത്തിലെ പ്രസാദത്തിലൊരു പങ്ക് മോഹനവര്‍മ ചേര്‍ത്തലയിലെ വീട്ടിലേക്കയച്ചു. അദ്ദേഹത്തിന്റെ അമ്മ അത് രണ്ടുപേര്‍ക്കായി പകുത്തുനല്‍കി; മകന്‍ കെ.എല്‍. ശ്രീകൃഷ്ണദാസിനും ചേച്ചിയുടെ കൊച്ചുമകന്‍ നന്ദനവര്‍മയ്ക്കും. ആ പ്രസാദത്തിന്റെ അനുഗ്രഹമാണ് നന്ദനവര്‍മയെ എഴുത്തുകാരനാക്കിയതെന്ന് താന്‍ എപ്പോഴും പറയുമായിരുന്നെന്ന് മോഹനവര്‍മ.
”എന്റെ അമ്മയുടെ ചേച്ചിയുടെ കൊച്ചുമകനായിരുന്നതുകൊണ്ട് അനന്തരവന്റെ സ്ഥാനത്താണ് നന്ദനവര്‍മയെ കണ്ടിരുന്നത്. ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ സാഹിത്യവും സിനിമയുമായിരുന്നു പ്രധാന വിഷയങ്ങള്‍” – മോഹനവര്‍മ ഓര്‍മിച്ചു. സായിബാബയുടെ തീവ്രഭക്തനായി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ നന്ദനവര്‍മയെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു. ഈ സായിഭക്തിയാണ് അദ്ദേഹത്തെ ‘സായിദര്‍ശനം’ എന്ന വിവര്‍ത്തന ഗ്രന്ഥത്തിന്റെ രചയിതാവാക്കിയത്.
നന്ദനവര്‍മയുടെ ‘അക്കരെ’ എന്ന ചെറുകഥ കെ.എന്‍. ശശിധരന്‍ സിനിമയാക്കിയപ്പോള്‍ അഭിനയിച്ചത് മമ്മൂട്ടി, മോഹന്‍ലാല്‍, ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരാണ്. പറയിപെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ളതുള്‍പ്പെടെ ശ്രദ്ധേയമായ ഒട്ടേറെ ഡോക്യുമെന്ററികളും ഇദ്ദേഹത്തിന്റേതായുണ്ട്.
ഭാര്യ സുലേഖ വര്‍മ വയലിനില്‍ കേള്‍വി കേട്ടപ്പോഴും മകന്‍ ശബരീഷ് വര്‍മ നടനും ഗാനരചയിതാവുമൊക്കെയായി അറിയപ്പെട്ടപ്പോഴും മരുമകളായെത്തിയ അശ്വിനി കലാസംവിധാന രംഗത്ത് കൈയൊപ്പിട്ടപ്പോഴും നന്ദനവര്‍മയിലെ കലാകാരന്‍ തന്റെ കലാപാരമ്പര്യം വലുതാകുന്നതു കണ്ട് സന്തോഷിച്ചു. ‘പ്രേമം’ മുതല്‍ ‘കണ്ണൂര്‍ സ്‌ക്വാഡി’ല്‍ വരെയെത്തി നില്‍ക്കുന്ന ശബരീഷിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് നന്ദനവര്‍മയ്ക്കുണ്ട്. ശബരീഷിന്റെ ഭാര്യ അശ്വിനി ഹൃദയം, ഗോള്‍ഡ് തുടങ്ങിയ സിനിമകളുടെ ആര്‍ട്ട് ഡയറക്ടാണ്.
Kerala
അര്‍ബുദരോഗിയുടെ പണം കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍

പുനലൂര്‍ : താലൂക്ക് ആശുപത്രിയിലെ ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ 68-കാരിയുടെ 8,600 രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവല്ല പുളിയാറ്റൂര്‍ തോട്ടപ്പുഴശ്ശേരിയില്‍ ഷാജന്‍ ചാക്കോ (60)യാണ് അറസ്റ്റിലായത്. കഴിഞ്ഞരാത്രി പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് പുനലൂര്‍ പോലീസ് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു. പത്തനംതിട്ട അടൂര്‍ മരുതിമൂട്ടില്‍ നിന്നും ചികിത്സയ്ക്കെത്തിയ രോഗിയുടെ പണമാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഏഴിന് 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ ഡാഷ്‌ബോര്‍ഡിലാണ് പണം സൂക്ഷിച്ചിരുന്നത്. രോഗിക്ക് കീമോതെറാപ്പിക്ക് ശേഷം കഴിക്കാനുള്ള മരുന്ന് വാങ്ങുന്നതിനായി, ഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഉടന്‍തന്നെ ഇദ്ദേഹം ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാറിനും പുനലൂര്‍ പോലീസിനും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഇയാള്‍ നേരത്തേയും മോഷണക്കേസുകളില്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. ആശുപത്രികള്‍ പോലെ തിരക്കേറിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
യാത്രയ്ക്കിടെ പണം പിൻവലിക്കാം, ട്രെയിനിൽ ഇനി എ.ടി.എം; രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് ഈ ട്രെയിനിൽ

മുംബൈ: ട്രെയിൻ യാത്രയ്ക്കിടയിലും ഇനി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാം. ഇന്ത്യയില്‍ ഇതാദ്യമായി ട്രെയിനില്‍ എടിഎം സ്ഥാപിച്ചു. മുംബൈ-മന്‍മദ് പഞ്ചവതി എക്‌സ്പ്രസ് ട്രെയിനിലാണ് എ.ടി.എം സ്ഥാപിച്ചത്. ട്രെയിനിലെ എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയ്‌സ് ഇന്നൊവേറ്റീവ് ആന്‍ഡ് നോണ്‍ ഫെയര്‍ റവന്യു ഐഡിയാസ് സ്‌കീം (ഐഎന്‍എഫ്ആര്‍ഐഎസ്) പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ബുസാവല്‍ ഡിവിഷനും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.എടിഎമ്മുമായി ട്രെയിന്‍ അതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ചിലയിടങ്ങളില്‍ മോശം സിഗ്നലുകള്‍ മൂലം നെറ്റ്‌വര്‍ക്ക് തകരാറുകള്‍ നേരിടേണ്ടി വന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് പണം പിന്‍വലിക്കാവുന്ന തരത്തിലാണ് എടിഎം ക്രമീകരിച്ചിട്ടുള്ളത്.എസി കോച്ചിലാണ് എടിഎം സ്ഥാപിച്ചിട്ടുള്ളതെങ്കിലും മറ്റ് 22 കോച്ചുകളിലെയും യാത്രക്കാര്‍ക്ക് ഇതില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും ഈ എടിഎമ്മിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഒരേ റേക്ക് പങ്കുവെയ്ക്കുന്നതിനാല്‍ പഞ്ചവതി എക്‌സ്പ്രസിലെ എടിഎം സംവിധാനം മുംബൈ-ഹിംഗോലി ജനശതാബ്ദി എക്‌സ്പ്രസിലും ലഭ്യമാകും. എടിഎമ്മിന്റെ സുരക്ഷയ്ക്കായി ഷട്ടര്‍ സംവിധാനവും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനിലെ എടിഎം യാത്രക്കാര്‍ക്കിടയില്‍ തരംഗമായാല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഈ സംവിധാനം അവതരിപ്പിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
Kerala
‘ലഹരി വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം, മകൻ മറ്റൊരു അഫാനായി മാറും; പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല’

കോഴിക്കോട്∙ ലഹരിക്കടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. മകനെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു അഫാന്‍ ആയി മാറുമെന്നും മാതാവ് പറഞ്ഞു.‘‘മകൻ ലഹരി വിമോചനകേന്ദ്രത്തിൽനിന്നു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. നേരത്തെ പലതരത്തിലുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നെങ്കിലും കുറച്ചു കാലമായി പ്രശ്നമില്ലായിരുന്നു. ഈയിടെ വീണ്ടും ലഹരി വസ്തുക്കൾ ഉപയോഗിച്ച് അക്രമം തുടങ്ങി. കഴിഞ്ഞ ദിവസം മകന്‍ അക്രമാസക്തനാവുകയും വീടിന്റെ ജനല്‍ അടക്കം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ കാക്കൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ എത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനില്‍ പോയി മകനെ ലഹരി വിമോചനകേന്ദ്രത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് കൂട്ടാക്കിയില്ല.മകന്റെ ഭാര്യയും കുഞ്ഞും ഭര്‍ത്താവിന്റെ ഉമ്മയും ആണ് വീട്ടിലുള്ളത്. മകന്റെ ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു. നിലവിൽ ഞാനും മകനും 85 വയസ്സായ ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. മകന് 25 വയസ്സുണ്ട്’’ – മാതാവ് പറഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റാനാണു നീക്കം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്