റദ്ദാക്കിയ ട്രെയിൻ സ്വകാര്യ ആപ്പിൽ ഓട്ടം തുടർന്നു; കാത്തിരുന്ന് വലഞ്ഞ് യാത്രക്കാർ

കണ്ണൂർ: ചെന്നൈയിലെ വെള്ളപ്പൊക്കം സ്വകാര്യ ആപ്പ് അറിഞ്ഞില്ല. റെയിൽവേ രണ്ടുദിവസമായി റദ്ദാക്കിയ ട്രെയിനുകൾ ആപ്പിൽ ഓട്ടം തുടർന്നു. ഇതറിയാതെ ആപ്പ് നോക്കി റെയിൽവേ സ്റ്റേഷനിൽ എത്തിയവർക്ക് വണ്ടി ‘കിട്ടാതെ’ യാത്ര മുടങ്ങി. ‘വേർ ഈസ് മൈ ട്രെയിൻ’ ആപ്പിലാണ് രണ്ടുദിവസമായി തെറ്റായ അപ്‌ഡേഷൻ വന്നത്.
ചെന്നൈ-മംഗളൂരു എഗ്മോർ (16159) ബുധനാഴ്ചയും മംഗളൂരു-ചെന്നൈ എഗ്മോർ (16160) വ്യാഴാഴ്ചയും പൂർണമായി റദ്ദാക്കിയിരുന്നു. എന്നാൽ സ്വകാര്യ ആപ്പിൽ രണ്ടുദിവസവും ഈ വണ്ടി ‘ഓടി’. ഇതറിയാതെ സ്ഥിരം യാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് വ്യാഴാഴ്ച പെട്ടത്. റെയിൽവേയുടെ ഔദ്യോഗിക ആപ്പായ ‘നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റ’(എൻ.ടി.ഇ.എസ്.)ത്തിൽ ‘ട്രെയിൻ റദ്ദാക്കി’ എന്ന് കാണിച്ചിരുന്നു.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (ക്രിസ്) നിയന്ത്രിക്കുന്ന ആപ്പാണ് എൻ.ടി.ഇ.എസ്. ഇതിലൂടെയാണ് റെയിൽവേ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുന്നത്. ഈ വിവരങ്ങൾ സ്വകാര്യ ആപ്പുകൾ ജി.പി.എസ്. വഴി പിന്തുടർന്ന് ഷെയർ ചെയ്യുന്നു. എന്നാൽ തീവണ്ടിഗതാഗതം തടസ്സപ്പെടുമ്പോൾ സ്വകാര്യ ആപ്പുകൾക്ക് അപ്‌ഡേറ്റ് ചെയ്യാനാകാറില്ല. ഇതാണ് യാത്രക്കാരെ വെട്ടിലാക്കുന്നത്. സ്വകാര്യ ആപ്പുകളെ നിയന്ത്രിക്കുന്നത് നോയ്ഡ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഏജൻസികളാണ്.
സ്വകാര്യ ആപ്പുകൾക്ക് 10 കോടിവരെ ഡൗൺലോഡ്; എൻ.ടി.ഇ.എസിന് ഒരുകോടി
ട്രെയിൻ വിവരങ്ങൾ തിരയാൻ ആളുകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് സ്വകാര്യ ആപ്പുകളാണ്. ഒറ്റ ക്ലിക്കിൽ വിവരം കിട്ടുകയെന്നതാണ് യാത്രക്കാർക്ക് വേണ്ടത്. അതിനായി സ്വകാര്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നു.
‘വേർ ഈസ് മൈ ട്രെയിൻ’ ആപ്പ് ഇന്ത്യയിൽ 10 കോടിയിലധികം ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നു. ‘ഇക്സിഗോ ട്രെയിൻ’ ആപ്പിനും ഇത്രയും ഡൗൺലോഡുണ്ട്. ‘കൺഫേം ടിക്കറ്റ്’ എന്ന ആപ്പ് അഞ്ചുകോടി പേർ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
എന്നാൽ ഏറ്റവും കൃത്യമായ റെയിൽവേയുടെ ഔദ്യോഗിക ആപ്പായ എൻ.ടി.ഇ.എസ്. ഒരുകോടി ആളുകൾ മാത്രമാണുപയോഗിക്കുന്നത്.