സ്ത്രീധനം ചോദിക്കുന്നവരോട് ‘താന്‍ പോടോ’ എന്ന് പറയാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി

Share our post

എറണാകുളം: സ്ത്രീധനം ചോദിക്കുന്നവരോട് ‘താന്‍ പോടോ’ എന്ന് പറയാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്കൊപ്പം കുടുംബവും നില്‍ക്കണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന് പൊതുബോധം ആണ്‍കുട്ടികള്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

‘പെണ്‍കുട്ടികളും സ്ത്രീകളും കരുത്തുള്ളവരായി മാറുക. സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന് പറയുന്നവരോട് ‘താന്‍ പോടാ’ എന്ന് പറയാനുള്ള കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറേണ്ടി വരും. അതാണ് അവസ്ഥ.

അത് സമൂഹത്തിന്റെ പൊതുബോധമായി മാറണം. സമൂഹത്തിന്റെ പിന്തുണ അതിന് ഉണ്ടാകണം. രക്ഷിതാക്കളുടെ പിന്തുണയുണ്ടാകണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന ബോധം ആണ്‍കുട്ടികള്‍ക്കുമുണ്ടാകണം. സ്ത്രീധനം ചോദിക്കുന്നതിന്റെ കൂടെ നില്‍ക്കാന്‍ പാടില്ലെന്ന ബോധം ആണ്‍കുട്ടിയുടെ കുടുംബത്തിനും ഉണ്ടാകണം. സമൂഹത്തിന്റെയാകെ മാറ്റം ഇവിടെ പ്രതിഫലിക്കണം.

അതിനൊപ്പം നിയമപരമായ നടപടികളും സ്വീകരിച്ചുപോകാന്‍ കഴിയും’, മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യചെയ്ത പശ്ചാത്തലത്തിലാണ് പ്രതികരണം.കഴിഞ്ഞ ദിവസമാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധനത്തിന്റെ പേരില്‍ ആണ്‍സുഹൃത്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണം എന്ന് വീട്ടുകാര്‍ ആരോപിച്ചു. കുടുംബത്തിന് താങ്ങാന്‍ ആകുന്നതിലും അധികം സ്ത്രീധനം റുവൈസിന്റെ പിതാവ് ചോദിച്ചെന്നും കുടുംബം പറഞ്ഞു. ഷഹനയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!