സപ്ലൈകോ കുടിശിക തീര്‍ക്കണമെന്ന് വിതരണക്കാർ ; ടെന്‍ഡര്‍ ബഹിഷ്കരിക്കും

തിരുവനന്തപുരം: ക്രിസ്മസ് ചന്തകളിലേക്കും സപ്ലൈകോ ഔട്ട്ലറ്റുകളിലേക്കും സബ്സിഡി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ വീണ്ടും ബഹിഷ്കരിക്കാന്‍ വിതരണക്കാര്‍. ഇന്നും നാളെയുമാണ് ടെന്‍ഡറുകള്‍ സമര്‍പ്പിക്കാനുള്ള സമയം.
കുടിശിക നല്‍കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ സാധനങ്ങള്‍ വിതരണം ചെയ്യില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗത്തിന് ശേഷം വിതരണക്കാരുടെ സംഘടന ബഹിഷ്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ക്രിസ്മസ് ചന്തകളിലേക്കും സപ്ലൈകോ ഔട്ട്ലറ്റുകളിലേക്കും സബ്സിഡി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സപ്ലൈകോ രണ്ടാഴ്ച മുന്‍പ് വിളിച്ച ടെന്‍ഡര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ ബഹിഷ്കരിച്ചിരുന്നു.
ഇതുമൂലം ക്രിസ്മസ് ചന്തകളിലേക്കുളള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇതുവരെ സപ്ലൈകോയ്ക്ക് ആയിട്ടില്ല. 13 സബ്സിഡി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായി പുതുതായി വിളിച്ച ടെന്‍ഡര്‍ നാളെ അവസാനിക്കും. ഇതുവരെ ഒരു വിതരണക്കാരനും ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടല്ലെന്നാണ് വിവരം.
ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗത്തിന് ശേഷം വിതരണക്കാരുടെ സംഘടനയായ ഫുഡ് ഗ്രെയിന്‍, പള്‍സ് ആന്‍റ് സ്പൈസസ് സപ്ലെയേഴ്സ് അസോസിയേഷന്‍ ടെന്‍ഡര്‍ നടപടികള്‍ ബഹിഷ്കരിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ വിതരണക്കമ്പനികള്‍ക്ക് ഏകദേശം 738 കോടിയോളം രൂപയാണ് സപ്ലൈകോ നല്‍കാനുള്ളത്. ഇതില്‍ കുറച്ചെങ്കിലും നല്‍കാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്നതാണ് വിതരണക്കാരുടെ നിലപാട്.