കെ.എസ്.ആർ.ടി.സി സ്ഥിരം യാത്രക്കാർക്ക് നിശ്ചിത സൗജന്യയാത്ര അനുവദിക്കാൻ ആലോചന

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസിൽ ഡിജിറ്റൽ പണമിടപാടിന് സൗകര്യം ഒരുക്കുന്ന പദ്ധതിയോടൊപ്പം സ്ഥിരം യാത്രക്കാർക്ക് സൗജന്യങ്ങളും ഒരുക്കാൻ ആലോചന. യാത്രക്കാരിൽനിന്നും ടിക്കറ്റിന്റെ പണം നേരിട്ട് വാങ്ങുന്നതിനൊപ്പം ഡിജിറ്റലായും ടിക്കറ്റ് ചാർജ് സ്വീകരിക്കാനുള്ള സൗകര്യമൊരുക്കാൻ ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായി കെ.എസ്.ആർ.ടി.സി.ക്ക് കരാറുണ്ട്. ചലോ ആപ് വഴി പുതിയ ട്രാവൽ കാർഡുകൾ അവതരിപ്പിച്ച് പതിവായി യാത്ര ചെയ്യുന്നവർക്ക് നിശ്ചിത യാത്രകൾ സൗജന്യമായി അനുവദിക്കാനാണ് ആലോചന നടക്കുന്നത്.
ഒരേ റൂട്ടിൽ മാസം 20 യാത്ര ചെയ്യുന്നവർക്ക് രണ്ടുദിവസം രണ്ടുയാത്ര സൗജന്യം, ബംഗളൂരുവിലേക്ക് മാസം എട്ടു യാത്ര ചെയ്യുന്നവർക്ക് രണ്ടുയാത്ര സൗജന്യം തുടങ്ങിയ ഇളവുകൾ നൽകാനാണ് ചർച്ച നടക്കുന്നത്. ഡിജിറ്റൽ പണമിടപാടിനായി തയ്യാറാക്കുന്ന ആപ് വരുന്നതോടെ യാത്രക്കാരുടെ സമീപമുള്ള ബസും വാഹനത്തിലെ തിരക്കും മറ്റും യാത്രക്കാർക്ക് മുൻകൂട്ടി അറിയാൻ സൗകര്യമുണ്ടാകും. സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരോ കേന്ദ്രത്തിലും ബസുകൾ എത്തുന്ന സമയവുമെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം.