പ്രകടനം മികച്ചതെങ്കില്‍ എന്‍ജിനിയറിങ് കോളേജുകളില്‍ വിദ്യാര്‍ഥിപ്രവേശനത്തിന് ഇനി പരിധിയില്ല

Share our post

ന്യൂഡൽഹി: മികച്ചപ്രകടനം കാഴ്ചവെക്കുന്ന എൻജിനിയറിങ് കോളേജുകളിൽ വിദ്യാർഥിപ്രവേശനത്തിന് പരിധിനീക്കി ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ട.ഇ.). സാങ്കേതിക സ്ഥാപനങ്ങൾക്ക് ഒരു ബ്രാഞ്ചിൽ പരമാവധി 240 സീറ്റാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്.

ബുധനാഴ്ച പുറത്തിറക്കിയ എ.ഐ.സി.ടി.ഇ. അപ്രൂവൽ പ്രോസസ് ഹാൻഡ്ബുക്ക് അനുസരിച്ച് മികച്ചപ്രകടനം കാഴ്ചവെക്കുന്ന എൻജിനിയറിങ് കോളേജുകൾക്ക് ഇത്‌ ബാധകമല്ല. മികച്ച പ്രകടനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മൂന്നുവർഷംവരെ അംഗീകാരം നീട്ടാനുള്ള വ്യവസ്ഥയ്ക്കും അംഗീകാരമായി.

കൂടാതെ രാജ്യത്തെ പോളിടെക്‌നിക് കോളേജുകൾക്കും സ്വയംഭരണത്തിനും അപേക്ഷിക്കാം. എൻജിനിയറിങ് കോളേജുകൾക്ക് സമാനമായി സ്വയംഭരണാവകാശം നൽകുന്നതിന് യോഗ്യതയുള്ള പോളിടെക്നിക് കോളേജുകളെ തിരഞ്ഞെടുക്കുമെന്നും എ.ഐ.സി.ടി.ഇ. ചെയർമാൻ ടി.ജി സീതാറാം പറഞ്ഞു.

പോളിടെക്നിക് സ്ഥാപനങ്ങൾക്ക് എ.ഐ.സി.ടി.ഇ.യുടെ മുൻകൂർ അനുമതിയില്ലാതെ പാഠ്യപദ്ധതി രൂപകല്പനചെയ്യാനും പുതിയ കോഴ്സുകൾ വാഗ്ദാനംചെയ്യാനും സീറ്റുകൾ കൂട്ടാനും സ്വാതന്ത്ര്യമുണ്ട്.

ലബോറട്ടറി പരിശീലനം നിർബന്ധമുള്ള കോഴ്‌സുകൾ ഓൺലൈനിലോ ഓപ്പൺ-വിദൂര പഠനരീതിയിലോ നൽകാൻ സാങ്കേതികസ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും കൗൺസിൽ വ്യക്തമാക്കി.

കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ബിസിനസ് അഡ്മിനിസ്‌ട്രേഷൻപോലുള്ള മാനേജ്മെന്റ് കോഴ്സുകൾ ബിരുദതലത്തിൽ കൂടുതലായി ഉൾപ്പെടുത്തും. ബിരുദാനന്തര തലത്തിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, സൈബർ സെക്യൂരിറ്റി, ബ്ലോക്ക്‌ചെയിൻ പോലുള്ള കോഴ്‌സുകൾ ഓൺലൈൻ മാതൃകയിൽ പഠിക്കാൻ അവസരമൊരുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!