ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗങ്ങളാണ് ദേശീയപാതകൾ. 1988ല്‍ സ്ഥാപിക്കപ്പെട്ട ദേശീയപാതാ അതോറിറ്റിക്കാണ് ഈ പാതകളുടെ നിര്‍മാണ-പരിപാലന ചുമതല. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ നീളത്തില്‍ റോഡുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ പ്രധാനപ്പെട്ട ദേശീയപാതകള്‍ക്കും സംസ്ഥാന പാതകള്‍ക്കുമെല്ലാം പ്രത്യേകം നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. എന്നാൽ ഈ നമ്പറുകൾ നൽകുന്നത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?
ദേശീയപാതകള്‍ക്ക് വെറുതേ നമ്പറുകള്‍ നല്‍കുകയല്ല മറിച്ച് ഒരു നടപടിക്രമം പാലിച്ചുകൊണ്ടാണ് നമ്പര്‍ നല്‍കുന്നത്. ദേശീയപാതയുടെ നമ്പര്‍ അറിഞ്ഞാല്‍ തന്നെ അത് രാജ്യത്തിന്റെ ഏതുഭാഗത്താണെന്ന് ഏകദേശം തിരിച്ചറിയാനാകും. വടക്കു നിന്നും തെക്കോട്ടുള്ള ദിശയിലെ ദേശീയ പാതകള്‍ക്ക് ഇരട്ട അക്കങ്ങളാണ് നല്‍കുക.
കിഴക്കു നിന്നും പടിഞ്ഞാറോട്ടുള്ള ദിശയില്‍ അക്കങ്ങൾ കൂടി വരികയും ചെയ്യും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഉയര്‍ന്ന രേഖാംശത്തില്‍ ചെറിയ അക്കങ്ങളും കുറഞ്ഞ രേഖാംശത്തില്‍ വലിയ അക്കങ്ങളുമായിരിക്കും നല്‍കുക. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് എന്‍.എച്ച് 2 ഉള്ളതെങ്കില്‍ കിഴക്കേ അറ്റത്തെ സംസ്ഥാനമായ രാജസ്ഥാനിലാണ് എന്‍.എച്ച് 68.
കിഴക്കു പടിഞ്ഞാറ് ദിശയിലുള്ള ദേശീയപാതകള്‍ക്ക് ഒറ്റ അക്കങ്ങളാണ് നല്‍കിയിരിക്കുന്നത്. കിഴക്കു പടിഞ്ഞാറ് ദിശയിലുള്ള ദേശീയപാതകളുടെ നമ്പർ തെക്കോട്ടു വരുംതോറും കൂടി വരും. അതുകൊണ്ടാണ് എന്‍എച്ച് 1 ജമ്മു കശ്മീരിലാണെങ്കില്‍ എന്‍.എച്ച് 87 തമിഴ്‌നാട്ടിലാകുന്നത്. പരമാവധി രണ്ട് അക്കങ്ങളിലാണ് ദേശീയ പാതകള്‍ക്ക് നമ്പറിട്ടിരിക്കുന്നത്.
ദേശീയ പാതകളുടെ ഉപപാതകള്‍ക്കാണ് മൂന്ന് അക്കങ്ങളുള്ള നമ്പറുകള്‍ നല്‍കിയിരിക്കുന്നത്. ദേശീയപാത 44ന്റെ ഉപപാതകളാണ് 244, 144, 344 എന്നിവ. ഈ ഉപപാതകളുടെ ആദ്യ അക്കം ഒറ്റയക്കമാണെങ്കില്‍ ഇതിന്റെ സ്ഥാനം പടിഞ്ഞാറ് കിഴക്കു ദിശയിലും ആദ്യ അക്കം ഇരട്ടയാണെങ്കില്‍ വടക്കു തെക്കു ദിശയിലുമായിരിക്കുമെന്നും തിരിച്ചറിയാം. ഈ ഉപപാതകളുമായി ബന്ധിപ്പിക്കുന്ന പാതകള്‍ക്ക് എ, ബി, സി, ഡി എന്നിങ്ങനെയുള്ള അക്ഷരങ്ങള്‍ നല്‍കുകയും ചെയ്യും.നീളം കൂടിയും ഏറ്റവും ചെറുതും
എൻഎച്ച് 44 (പഴയ എൻഎച്ച് 7) ആണ് ഇന്ത്യയിലെ ഏറ്റവും ദൈർഖ്യമേറിയ ദേശീയ പാത. 3745 കിലോമീറ്ററുകളിലായി ശ്രീനഗറിൽ നിന്ന് കന്യാകുമാരി വരെ പാത നീളുന്നു. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു.
ഏറ്റവും ചെറിയ നാഷനൽ ഹൈവേ എന്ന പേര് രണ്ട് എൻ.എച്ച് 584ഉം എൻ.എച്ച് 118ഉം ചേർന്ന് പങ്കിടുന്നു. ഇരു ഹൈവേകളുടേയും നീളം വെറും 5 കിലോമീറ്റർ മാത്രമാണ്. ആദ്യത്തേത് ജാർഖണ്ഡിലെ അസൻബാനിക്കും ജംഷദ്പൂരിനും ഇടയിലാണെങ്കിൽ രണ്ടാമത്തേത് മഹാരാഷ്ട്രയിലാണ്.