നവകേരളസദസില്‍ പരാതികള്‍ മൂന്ന് ലക്ഷം കവിഞ്ഞു; എല്ലാം സമയബന്ധിതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

നവകേരള സദസ് ജനാധിപത്യത്തിന്റെ മാത്രമല്ല; ഭരണ നിര്‍വ്വഹണത്തിന്റെ കൂടി പുതിയ ഒരു മാതൃക ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ വേദിയിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനുമായി ഇന്നലെ വരെ 3,00 ,571 പേരാണ് നിവേദനങ്ങളുമായെത്തിയത്.
ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.