ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; ഗുരുതര പരിക്ക്

മേപ്പയൂർ : എടത്തിൽ മുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നെല്ലിക്കാത്താഴ സുനിൽ കുമാറിനെ(38)യാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധൻ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. എടത്തിൽമുക്ക് ടൗണിൽ നിൽക്കുകയായിരുന്ന സുനിൽ കുമാറിനെ ഇന്നോവ കാറിലെത്തിയ അൻസാർ, അജിനാസ് എന്നിവരുടെ നേതൃത്വത്തിലുള്ള എട്ട് യൂത്ത് ലീഗുകാരാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
പ്രാണരക്ഷാർഥം തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയ സുനിലിനെ പീടികയിൽനിന്ന് വലിച്ചിറക്കി വെട്ടുകയായിരുന്നു. സാരമായി പരിക്കേറ്റ് ചോരയിൽ കുളിച്ചുകിടന്ന യുവാവിനെ നാട്ടുകാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി.