ചിലങ്ക കെട്ടിയ കോട്ട; റവന്യൂ ജില്ല സ്കൂൾ കലോത്സവത്തില് കണ്ണൂർ നോർത്ത് മുന്നിൽ

കണ്ണൂർ നോർത്ത് മുന്നിൽ
തലശ്ശേരി: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിനം പിന്നിട്ടപ്പോൾ 415 പോയന്റുമായി കണ്ണൂർ നോർത്ത് മുന്നിൽ. തളിപ്പറമ്പ് നോർത്ത് സബ് ജില്ലയാണ് 394 പോയന്റുമായി രണ്ടാമത്. ഇരിട്ടി (389), പയ്യന്നൂർ (386), പാനൂർ (384), തലശ്ശേരി നോർത്ത് (378) സബ്ജില്ലകൾ ഒപ്പത്തിനൊപ്പമുണ്ട്. സ്കൂളുകളിൽ മമ്പറം ഹയർസെക്കൻഡറി 161 പോയന്റുമായി മുന്നേറ്റം തുടരുകയാണ്. മൊകേരി രാജീവ്ഗാന്ധി (149), ചൊക്ലി രാമവിലാസം (126), പെളശ്ശേരി എ.കെ.ജി (122) സ്കൂളുകളാണ് രണ്ട് മുതൽ നാലു വരെ സ്ഥാനത്തുള്ളത്.
അതൃപ്തി പരസ്യമാക്കി സ്പീക്കർ “കലോത്സവം ജനകീയമാക്കണം’
തലശ്ശേരി: ജില്ല സ്കൂൾ കലോത്സവം ഉദ്ഘാടന വേദിയിൽ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞു കിടന്നതിനെതിരെ അതൃപ്തി പരസ്യമാക്കി സ്പീക്കർ എ.എൻ. ഷംസീർ. സ്കൂൾ കലോത്സവം കേവലം വിദ്യാർഥികളിലും അധ്യാപകരിലും മാത്രം ഒതുക്കി നിർത്താതെ ജനകീയമാക്കിത്തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ ജില്ല സ്കൂൾ കലോത്സവം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരങ്ങിലെ വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ ആസ്വദിക്കാനും പങ്കുചേരാനും ജനങ്ങൾക്കും ആഗ്രഹമുണ്ടാകും. കലകളെ സ്നേഹിക്കുന്നവരാണ് ജനം. ജനകീയ ഉത്സവമാക്കി സ്കൂൾ കലോത്സവത്തിനെ മാറ്റുന്നതിന് സാങ്കേതിക പ്രയാസമുണ്ടെങ്കിൽ നിയമസഭയിൽ ചർച്ച നടത്തി മാറ്റാൻ ഒരുക്കമാണെന്നും സ്പീക്കർ പറഞ്ഞു.
പേരാമ്പ്രയിൽ പ്രസംഗത്തിനിടെ താൻ ഇറങ്ങിപ്പോയി എന്നു പറഞ്ഞത് കേവലം വിവാദം ഉണ്ടാക്കാൻ മാത്രം വേണ്ടിയാണ്. തന്റെ പ്രസംഗത്തിനിടെ ഒരു കൂട്ടം അധ്യാപകർ കൂട്ടംകൂടി നിന്ന് സംസാരിച്ചതിനെതിരെ താൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് ചില മാധ്യമങ്ങൾ താൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി എന്ന് പ്രചരിപ്പിച്ചത്. മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് കലകളടക്കമുള്ള എല്ലാറ്റിനേയും മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നും ഷംസീർ പറഞ്ഞു.
നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഫൈസൽ പുനത്തിൽ, റാഷിദ, വിദ്യാഭ്യാസ ഉപഡയറക്ടർ എ.പി. അംബിക തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ മ്യൂസിക് അധ്യാപകർ ചേർന്ന് അണിയിച്ചൊരുക്കിയ സ്വാഗത ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ജില്ലയിലെ വിവിധ ചരിത്രങ്ങളും പൈതൃകങ്ങളും ഉൾക്കൊള്ളിച്ച് നടത്തിയ സ്വാഗതഗാനം സദസ്സിന്റെ മനംകവർന്നു.
കോൽക്കളിയിൽ മുബാറകിന് ഹാട്രിക്
പതി കർബല ശഹീദേ യാ…ഹുസൈനലിയാരെ…. പാട്ടിന് വേഗവും താളവും സമന്വയിപ്പിച്ച് കോലടിച്ച തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ടീമിന് കോൽക്കളിയിൽ ഒന്നാം സ്ഥാനം. ഹൈസ്കൂൾ -ഹയർ സെക്കൻഡറി വിഭാഗം കോൽക്കളിയിൽ 20 വർഷത്തിലേറെയായി വിജയാധിപത്യം പുലർത്തുന്ന വിദ്യാലയമാണിത്.
തുടർച്ചയായി മൂന്നാം വർഷമാണ് കോൽക്കളിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മുബാറക് ടീം സംസ്ഥാന യോഗ്യത നേടിയത്. മജീദ് കടമേരിയുടെ ശിക്ഷണത്തിലാണ് ഇത്തവണയും മുബാറക് വിജയത്തേരിലേറിയത്. ചിറക്കര ജി.വി.എച്ച്.എസ്.എസ് വേദിയിലായിരുന്നു കോൽക്കളി. നിറഞ്ഞ സദസ്സാണ് കോൽക്കളി വീക്ഷിക്കാനുണ്ടായത്. കള്ളിമുണ്ടും ബനിയനും അരപ്പട്ടയും ടവ്വലും ധരിച്ചെത്തിയ വിദ്യാർഥികൾ അണിക്കളി, മറഞ്ഞടി മിനിക്കളി, ഓതിരം രണ്ട്, ഒഴിച്ചിൽ മുട്ട് എന്നിവയാണ് കളിച്ചത്. കോൽക്കളി മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു.