ശബരിമലയിലെ തപാല്‍ ഇന്നും സജീവം; വിറ്റഴിച്ചത് 2000 പോസ്റ്റ് കാര്‍ഡുകള്‍

Share our post

ശബരിമല : വര്‍ഷത്തില്‍ മൂന്നു മാസം മാത്രം സജീവമാകുന്ന തപാല്‍ ഓഫീസും പിന്‍കോഡും. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുത്തിയ തപാല്‍മുദ്ര പതിച്ച അവിടുത്തെ പോസ്റ്റുകാര്‍ഡുകള്‍. അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ സന്നിധാനം തപാല്‍ ഓഫീസിനുള്ള സ്വീകാര്യത ഒട്ടും കുറയുന്നില്ല.

വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും ഈ തപാല്‍മുദ്ര പതിച്ച കത്തയക്കാനായി ഇന്നും ഭക്തരെത്തുന്ന ഇടം. മണ്ഡല മകര വിളക്ക് കാലത്ത് മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം. ശ്രീ ശബരിമല അയ്യപ്പന്‍, 689713 എന്നതാണ് പിന്‍കോഡ്. രാജ്യത്ത് സ്വന്തമായി പിന്‍ കോഡ് ഉള്ളത് ഇന്ത്യന്‍ പ്രസിഡന്റിനും ശ്രീ ശബരിമല അയ്യപ്പനും മാത്രമാണ്.ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ മറ്റൊരിടത്തും ഉപയോഗിക്കുന്നില്ല. ഈ മണ്ഡലകാലത്ത് ഇതു വരെ 2000 പേസ്റ്റുകാര്‍ഡുകളാണ് ഇവിടെ നിന്നും വിറ്റഴിച്ചത്.

ഭക്തരുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം, മണി ഓര്‍ഡര്‍ സംവിധാനം, തീര്‍ത്ഥാടകര്‍ക്കായി പാഴ്‌സല്‍ സര്‍വീസ്,അരവണ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ബുക്കിങ്ങ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ സേവനങ്ങളും തപാല്‍ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!