പരശുറാമിലെ പരവശയാത്ര തുടരുന്നു; കാലു കുത്താനിടമില്ല, യാത്രക്കാർ കുഴഞ്ഞുവീണു, ആളുകളെ ഇറക്കിവിട്ടു

Share our post

കണ്ണൂർ : ശ്വാസം മുട്ടിക്കുന്ന തിക്കിലും തിരക്കിലും നരകയാത്ര ചെയ്യാൻ‌ വിധിക്കപ്പെട്ട മലബാറിൽ‌ ട്രെയിനിലെ ദുരിതകഥകൾ തുടരുന്നു. പരശുറാം എക്സ്പ്രസ്സിലെ തിരക്കേറിയ ലേഡീസ് കംപാർട്ടുമെന്റിൽ കയറാനാവാതെ വടകരയിൽനിന്നു റിസർവേഷൻ കംപാർട്ടുമെന്റിൽ കയറിയവരെ ടിടിഇയും പൊലീസും ചേർന്ന് ഇറക്കിവിട്ടു.

കയറിയ സ്റ്റേഷനിൽ തന്നെ ഇറക്കിവിട്ടത് വ്യാപക പ്രതിഷേധത്തിനിടയാക്കി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ നിരസിച്ചാണ് ടിടിഇയും പൊലീസും യാത്രക്കാരെ വടകരയിൽത്തന്നെ ഇറക്കിയത്. ട്രെയിൻ പുറപ്പെടാൻ മിനിറ്റുകൾ ബാക്കിനിൽക്കെയായിരുന്നു അപകടകരമായ ഈ നടപടി.

കണ്ണൂർ–ഷൊർണൂർ മേഖലയിൽ ഏതാനും മാസമായി ഈ ദുരിതയാത്ര തുടരുകയാണ്. ഇരുഭാഗത്തേക്കുമുള്ള പരശുറാം എക്സ്പ്രസ്സിൽ അക്ഷരാർഥത്തിൽ നരകയാത്രയാണ്. തിരക്കേറിയ പരശുറാം എക്സ്പ്രസ് ട്രെയിനിൽ രണ്ടു പെൺകുട്ടികൾ തിങ്കളാഴ്ച കുഴഞ്ഞുവീണിരുന്നു. രാവിലെ വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്ടേക്കു കയറിയ വിദ്യാർഥിനികളാണു കുഴഞ്ഞുവീണത്. ഈ സമയം ട്രെയിനിൽ കാലു കുത്താനിടമില്ലാത്തവിധം തിരക്കായിരുന്നു.

വന്ദേഭാരത് ട്രെയിൻ കടന്നുപോകാൻ പരശുറാം എക്സ്പ്രസ് അര മണിക്കൂറോളം തിക്കോടിയിൽ നിർത്തിയിട്ട സമയത്താണ് ഒരാൾ കുഴഞ്ഞുവീണത്. മറ്റൊരാൾ കുഴഞ്ഞുവീണതു കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയിലും. ഇരുവരെയും സഹയാത്രക്കാർ ശുശ്രൂഷ നൽകിയാണ് കോഴിക്കോട്ടെത്തിച്ചത്. അര മണിക്കൂറോളം പിടിച്ചിട്ട പരശുറാം എക്സ്പ്രസ്സാവട്ടെ ഒടുവിൽ കോഴിക്കോട്ടെത്തുമ്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു. രണ്ടു മാസത്തിനിടെ ഇരുപതോളം യാത്രക്കാരാണ് സമാനമായ സാഹചര്യത്തിൽ ട്രെയിനിനകത്ത് കുഴഞ്ഞുവീണത്. തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് റെയിൽവേക്ക് നോട്ടിസ് അയച്ചിരുന്നു.

വേണം കൂടുതൽ ട്രെയിൻ, മാറ്റണം സമയം

വേണ്ടത്ര ട്രെയിനുകളില്ലാത്തതാണ് രാവിലെ ഇത്രയേറെ യാത്രക്കാർ ഒരേ ട്രെയിൻ ആശ്രയിക്കേണ്ട സാഹചര്യം വരുന്നത്. കണ്ണൂരിൽ നിന്നു രാവിലെ 7.10നു പരശുറാം കടന്നുപോയാൽ 8.05നുള്ള മംഗളൂരു–കോഴിക്കോട് എക്സ്പ്രസ് സ്പെഷലാണ് അടുത്ത ട്രെയിൻ. കോഴിക്കോട് ഭാഗത്തെ സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് എത്തേണ്ടവർക്കും വിദ്യാർഥികൾക്കും ഈ ട്രെയിൻ പ്രയോജനപ്പെടില്ല.

രാവിലെ 9.30ന് കോഴിക്കോട് എത്തുന്ന തരത്തിൽ മംഗളൂരു–കോഴിക്കോട് എക്സ്പ്രസ് സ്പെഷ്യലിന്റെ സമയം മാറ്റിയാൽ പരശുവിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പരശുവിനു മുൻപോ ശേഷമോ മറ്റൊരു എക്സ്പ്രസ് സ്പെഷൽ അനുവദിച്ചാൽ യാത്ര കൂടുതൽ സുഗമമാവുമെന്നും യാത്രക്കാർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!