നിക്ഷേപത്തട്ടിപ്പ്, പാര്‍ട്ട് ടൈം ജോലി തട്ടിപ്പ്: നൂറിലധികം വെബ്‌സൈറ്റുകള്‍ നിരോധിച്ച് കേന്ദ്രം

Share our post

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യംവെക്കുന്ന നൂറില്‍ അധികം നിക്ഷേപത്തട്ടിപ്പ് വെബ്‌സൈറ്റുകളെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

നിക്ഷേപത്തട്ടിപ്പ്, പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് തുടങ്ങിയവയില്‍ ഏര്‍പ്പെടുന്ന നൂറില്‍ അധികം വെബ്‌സൈറ്റുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, അവരുടെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ് മുഖാന്തരം തിരിച്ചറിഞ്ഞെന്നും ബ്ലോക്ക് ചെയ്യാന്‍ ശുപാര്‍ശ ചെയ്തുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇത്തരം വെബ്‌സൈറ്റുകളെ നിരോധിക്കാനുള്ള തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി ഡിസംബര്‍ ആറിന് ഇവയെ നിരോധിച്ചതായും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കുന്നു.

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളാണ് ഈ വെബ്‌സൈറ്റുകള്‍ക്ക് ഉണ്ടായിരുന്നത്. അന്വേഷണ ഏജന്‍സികളെ കബളിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് എന്ന വിധത്തില്‍ പണം മാറ്റുകയും ചെയ്തിരുന്നു. പണം അവസാനം ക്രിപ്‌റ്റോകറന്‍സി ആക്കി മാറ്റുകയാണ് ചെയ്തിരുന്നത്.

ഇത്തരത്തിലുള്ള ഏറ്റവും വലിയ തട്ടിപ്പ് ഈയടുത്ത് ഹൈദരാബാദ് പോലീസ് കണ്ടെത്തിയിരുന്നു. ഏകദേശം 712 കോടി രൂപയോളമാണ് ചൈനയില്‍നിന്നുള്ള തട്ടിപ്പുസംഘം കവര്‍ന്നത്. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ടെലഗ്രാം ആപ്പിലൂടെ നല്‍കിയാണ് ഇവര്‍ പണം തട്ടിയത്. വാട്‌സാപ്പ് മുഖാന്തരവും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!