ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ ഒൻപത് മുതൽ

Share our post

കരിപ്പൂർ : ഇന്ത്യയിൽ നിന്നുള്ള അടുത്തവർഷത്തെ ഹജ്ജ്‌ തീർഥാടനം മെയ് ഒമ്പതിന് തുടങ്ങും. ജൂൺ 10നാണ് അവസാന വിമാനം. ജൂൺ 20ന് മടക്കയാത്ര ആരംഭിക്കും. ജൂലൈ 21ന് അവസാനിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചത്. ഹജ്ജ് തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ സൗദി അറേബ്യ ചൊവ്വാഴ്‌ച പുറത്തിറക്കി. സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രാ തീയതി പിന്നീട്‌ തീരുമാനിക്കും.

ഇന്ത്യയിൽ 20 പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തിൽ നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ ഇത്തവണയും പുറപ്പെടൽ കേന്ദ്രങ്ങളാണ്‌. കരിപ്പൂർവഴി പോകുന്ന തീർഥാടകൻ 3,53,313 രൂപയും കണ്ണൂർവഴി പോകുന്നവർ 3,55,506 രൂപയും നെടുമ്പാശേരിവഴിയുള്ള തീർഥാടകർ 3,53,967 രൂപയും അടയ്ക്കണം. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർ ആദ്യഗഡു 81,500 രൂപ ഉടൻ അടയ്ക്കണം. അവശേഷിക്കുന്ന തുക മാർച്ച് മൂന്നാം വാരത്തോടെ അടച്ച് തീർക്കണം.

മക്കയിലും മദീനയിലുമടക്കം തീർഥാടകർക്കുള്ള താമസ സൗകര്യം ഒരുക്കുന്നതിനുള്ള ചുമതല കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യക്കാണ്. തീർഥാടകരുടെ യാത്രാ സൗകര്യം ഒരുക്കേണ്ടത് മിനിസ്റ്ററി ഓഫ് സിവിൽ ഏവിയേഷനും ഹജ്ജ്‌ കാലത്തെ ആരോഗ്യകരമായ കാര്യങ്ങൾ മിനിസ്റ്ററി ഓഫ് ഹെൽത്തും നിർവഹിക്കും.

ഹജ്ജ്‌ ഓപറേഷന്റെ ചുമതല പൂർണമായും സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കാണ്. സ്വകാര്യ ഏജൻസികളുമായി ഒരു ബന്ധവുമുണ്ടാകില്ല. ഹജ്ജ്‌ അപേക്ഷ സ്വീകരണം ഓൺലൈൻവഴി ആരംഭിച്ചു. 20വരെ സ്വീകരിക്കും. അപേക്ഷിക്കാനുള്ള സൗകര്യങ്ങൾ സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്‌. 18 വയസ്സിനുതാഴെയുള്ള തീർഥാടകർക്കൊപ്പം രക്ഷിതാക്കൾ നിർബന്ധമാണ്. നറുക്കെടുപ്പിലൂടെയാണ് തീർഥാടകരെ തെരഞ്ഞെടുക്കുക. 70 വയസ്സ് കഴിഞ്ഞവർക്ക്‌ നറുക്കെടുപ്പില്ലാതെ അവസരം നൽകും. മാർഗനിർദേശത്തിന്റെ പൂർണരൂപം ഹജ്ജ്‌ വെബ്സൈറ്റിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!