തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരായ പരാതി പത്തു ദിവസത്തിനകം തീര്‍പ്പാക്കും

Share our post

തിരുവനന്തപുരം: പഞ്ചായത്തുകളിലെ സേവന നിഷേധം വെച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി. കുറ്റക്കാര്‍ക്കെതിരേ നടപടി വരും. കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റോ നമ്പരോ ലൈസന്‍സോ കിട്ടാത്തതടക്കം എന്തുമാകട്ടെ, തദ്ദേശസേവനങ്ങളപ്പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനില്‍ നല്‍കിയാല്‍ 10 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്.

ഇതിനായി പ്രത്യേക അധികാരമുള്ള ത്രിതല സമിതികള്‍ പരിശോധന തുടങ്ങി. ഇനിമുതല്‍ ഓംബുഡ്‌സ്മാനോ കളക്ടര്‍ക്കോ മന്ത്രിയ്‌ക്കോ പരാതി നല്‍കി കാത്തിരിക്കേണ്ടി വരില്ല. അഴിമതിമുക്തവും സമയബന്ധിതവുമായ സേവനത്തിന് ഉദ്യോഗസ്ഥതലത്തിലെ നിരീക്ഷണം ഫലപ്രദമാകുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പൊതുജന സേവന സംവിധാനമായി സമിതികള്‍ മാറും. ഓണ്‍ലൈനായി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ത്രിതല അദാലത്ത് സമിതികളാണ് പരിശോധന നടത്തുന്നത്. തുടക്കത്തില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ്, പൂര്‍ത്തീകരണം, നിര്‍മാണത്തിലെ നിയമലംഘനങ്ങള്‍, ക്രമവത്കരണം, നമ്പറിങ്, ലൈസന്‍സുകള്‍, ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ എന്നിവയിലെ പരാതികള്‍. adalat.lsgkerala.gov.in എന്ന വിലാസത്തില്‍ മൊബൈല്‍ ഫോണിലൂടെ പരാതി നല്‍കാം. സിറ്റിസണ്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. പത്രവാര്‍ത്തകളിലെ പരാതിയില്‍ സ്വമേധയാ നടപടി. ഉദാഹരണം-കോട്ടയം മാഞ്ഞൂര്‍ ഷാജിമോന്‍ ജോര്‍ജിന്റെ കേസ്. ഒരാള്‍ക്ക് നിയമവിരുദ്ധമായി സഹായം കിട്ടിയെങ്കില്‍ ആര്‍ക്കും പരാതിപ്പെടാം.

ഉദ്യോഗസ്ഥരോട് ചട്ടപ്പടി റിപ്പോര്‍ട്ട് തേടില്ല. സമിതി നേരിട്ടുപരിശോധിക്കും. പരാതിക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഹിയറിങ് ഓണ്‍ലൈനില്‍. 10 ദിവസത്തിനകം തീര്‍പ്പ്. അടുത്ത 10 ദിവസത്തിനകം തീരുമാനം നടപ്പാക്കിയെന്നു സമിതി ഉറപ്പാക്കും. തുടര്‍പരിശോധന വേണ്ടിവന്നാല്‍ 10 ദിവസംകൂടി വൈകുമെന്നുമാത്രം. പരാതിയുടെയും തീര്‍പ്പിന്റെയും വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ വരും.

പഞ്ചായത്ത്,മുന്‍സിപ്പല്‍ തലത്തിലെ പരാതികള്‍ തീര്‍പ്പാക്കാന്‍ ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍ കണ്‍വീനറായ ഉപജില്ലാതല അദാലത്ത് സമിതി. ഇവിടെ തീരാത്തതും കോര്‍പ്പറേഷനുകളിലേയും ജില്ലാ ജോയിന്റ് ഡയറക്ടര്‍ അധ്യക്ഷനും അസിസ്റ്റന്റ് ഡയറക്ടര്‍ കണ്‍വീനറുമായ ജില്ലാതല സമിതിപരിഗണിക്കും. ജില്ലയിലും തീര്‍പ്പാകാത്തവ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനസമിതിയിലേയ്ക്ക്.

തദ്ദേശസ്ഥാപനങ്ങളിലെ ഏതുരേഖയും എപ്പോള്‍ വേണമെങ്കിലും നേരിട്ടും വിളിച്ചുവരുത്തിയും പരിശോധിക്കാം. ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് അച്ചടക്കനടപടി ശുപാര്‍ശ ചെയ്യും. ചട്ടങ്ങളിലെ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്താല്‍ നിയമഭേദഗതി സര്‍ക്കാര്‍ പരിഗണിക്കും.

മെയ് മുതല്‍ നവംബര്‍ പകുതി വരെ കിട്ടിയത് 1259 പരാതികള്ളാണ്. ഇതിൽ 1060 പരാതികൾ തീര്‍പ്പാക്കി. ഹിയറിങിന്-199. മെയിലെ സിറ്റിങ്ങില്‍ ലഭിച്ച 152 പരാതികളില്‍ 96 എണ്ണവും അന്നു തന്നെ പരിഹരിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!