ആൾക്കൂട്ടത്തിൽ തനിച്ചൊരു ചിത്രകാരി

തലശ്ശേരി : കലോത്സവത്തിരക്കിൽ നിന്നുമാറി സേക്രഡ് ഹാർട്ട് സ്‌കൂളിന്റെ ചുവരിൽ ചിത്രം വരയ്ക്കുന്ന ഒരു പെൺകുട്ടി. ഇതുവഴി കടന്നുപോകുന്നവരുടെയെല്ലാം കണ്ണുകൾ ഒരു നിമിഷമെങ്കിലും ആ ചിത്രത്തിലേക്കും അതുവരയ്ക്കുന്ന പെൺകുട്ടിയിലേക്കും സഞ്ചരിക്കുമെന്നുറപ്പ്. സേക്രഡ് ഹാർട്ട് സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി കെ. കൃഷ്ണേന്ദുവാണ് ചിത്രകാരി.
വരയ്ക്കുന്നതാകട്ടെ ‘വിമുക്തി’ പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരേ പോലീസിന്റെയും കുട്ടിയുടെയും ചിത്രവും.
ലഹരിക്കെതിരെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് വിദ്യാർഥികൾ വരച്ച മറ്റൊരു ചിത്രവും ചുവരിലുണ്ട്. സ്റ്റുഡന്റ് പോലീസ് കാഡറ്റും വിമുക്തിയും ചേർന്ന് സ്‌കൂളുകളിൽ ചുമർചിത്രരചന മത്സരം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സേക്രഡ് ഹാർട്ടിന്റെ ചുവരിലും ലഹരിക്കെതിരേ വരകൾ തെളിഞ്ഞത്.
അണ്ടല്ലൂർ സ്വദേശിയായ കൃഷ്ണേന്ദു മൂന്നാംക്ലാസ് മുതൽ ചിത്രരചനാ മത്സരങ്ങളിൽ സജീവമാണ്. ഊർജസംരക്ഷണവകുപ്പിന്റെ സംസ്ഥാനതല ചിത്രരചനാ മത്സരത്തിലുൾപ്പെടെ സമ്മാനങ്ങളും നേടിയിട്ടുണ്ട്. എല്ലായിടത്തും അമ്മ ജോഷിമയുടെ കൂടെയാണ് കൃഷ്ണേന്ദുവിന്റെ വരകളിലേക്കുള്ള യാത്രകൾ. അച്ഛൻ സുനിൽ കുമാർ റിട്ട. വില്ലേജ് ഓഫീസറാണ്.