റെയിൽവേ ഓവർബ്രിഡ്ജും ബാലം പാലവും ഉടൻ പൂർത്തിയാകും: പുതുവർഷത്തിൽ ബൈപ്പാസിൽ വാഹനമിരമ്പും

തലശ്ശേരി: മുഴപ്പിലങ്ങാടു നിന്നും തലശ്ശേരി, മാഹി വഴി അഴിയൂരിലേക്കുള്ള ആറു വരി ദേശീയ പാതയിൽ ഇടതടവില്ലാതെ വാഹനങ്ങളോടാൻ ഇനി ചെറിയ കാത്തിരിപ്പ് മാത്രം.18.6 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ മാഹി റെയിൽവേ ഓവർബ്രിഡ്ജിന്റെയും തലശ്ശേരി ബാലത്തിൽ പാലത്തിന്റെയും പ്രവൃത്തി അവസാനഘട്ടത്തോടടുക്കുകയാണ്.
പുതുവർഷത്തിൽ പാത തുറന്നുകൊടുക്കുന്നതിനായുള്ള ശ്രമത്തിലാണ് അധികൃതർ. ദേശീയപാത അധികൃതർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായി സ്പീക്കർ എ.എൻ.ഷംസീറും വ്യക്തമാക്കിയിരുന്നു. 966 മീറ്റർ ദൈർഘ്യമുള്ള ബാലത്തിൽ പാലം 2020 നിർമ്മാണത്തിനിടെ ബീമുകൾ തകർന്നതിനെ തുടർന്നാണ് നിർമ്മാണം വൈകിയത്. രണ്ടാഴ്ചക്കകം ഈ പാലത്തിൽ കോൺക്രീറ്റ് നടക്കും . മാഹി അഴിയൂരിലെ റെയിൽവെ ഓവർബ്രിഡ്ജിന്റെ പ്രവൃത്തിയും അതിദ്രുതം പുരോഗമിക്കുകയാണ്.
42 ഗർഡറുകൾ സ്ഥാപിക്കൽ പൂർത്തിയായി. ഏഴു മീറ്റർ നീളമുള്ളതാണ് ഒരു ഗർഡർ.നേരത്തെ വിള്ളൽ കണ്ടതിനെ തുടർന്ന് പള്ളൂർ കോയ്യോട്ട് തെരുവിലെ മേൽപ്പാലവും പുനർനിർമ്മിച്ചിരുന്നു. ബൈപ്പാസിൽ സൈൻ ബോർഡുകളും തെരുവുവിളക്കുകളും സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. കൊളശ്ശേരിക്കും ബാലത്തിലിനും ഇടയിൽ ടോൾ പ്ലാസയിലും അണ്ടർപാസുകളിൽ ലൈറ്റുകൾ പ്രകാശിപ്പിച്ചു.
സർവ്വീസ് റോഡുകൾ, അടിപ്പാതകൾ, പെയിന്റിങ്ങ് ,മിഡിയൻ നിർമ്മാണം, ക്രാഷ് ബാരിയർ എന്നിവയെല്ലാം പണിതു കഴിഞ്ഞു.ഈസ്റ്റ് പള്ളൂരിൽഏക റോഡ് ക്രോസിംഗിൽ സിഗ്നൽ ലൈറ്റുകൾ കെൽട്രോണാണ് നടത്തിയത്.കോടതി കയറി വൈകിമുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപത്ത് നിന്ന് തുടങ്ങി മാഹി അഴിയൂർ ഗവ.എച്ച്.എസ്. എസ്. സ്‌കൂൾ വരെയാണ് ബൈപാസ്. ഭൂമി ഏറ്റെടുക്കലിന്റെ പേരിൽ ദശകങ്ങളോളം കോടതി വ്യവഹാരങ്ങളിൽപെട്ടാണ് പാത യാഥാർഥ്യമാവാൻ അരനൂറ്റാണ്ടോളം വൈകിയത്.
മാഹി, തലശ്ശേരി നഗരങ്ങളെ ഒഴിവാക്കി മുഴപ്പിലങ്ങാട് ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനുട്ട് കൊണ്ട് ഇതിലൂടെ വാഹനങ്ങൾക്ക് എത്തിച്ചേരാനാകും.ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ബൈപാസിന്റെ ചിലവ്. പെരുമ്പാവൂരിലെ ഇ.കെ.കെ.കമ്പനിക്കാണ് ബൈപാസിന്റെ നിർമ്മാണച്ചുമതല 2021ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പാത പ്രളയം, കൊവിഡ് എന്നിവ മൂലം രണ്ട് വർഷം കൂടി വൈകുകയായിരുന്നു.
2018 ഒക്ടോബറിലാണ് പ്രവൃത്തി ആരംഭിച്ചത്.ദേശീയ പാതാ വിഭാഗവും, കേരള പൊതുമരാമത്ത് വകുപ്പ് അധികൃതരും പാത പൂർത്തിയാക്കാനുള്ള കഠിനപ്രയത്നമാണ് നടത്തുന്നത്. ഈ പാത തുറക്കപ്പെടുന്നതോടെ മാഹിക്ക് പകരം പള്ളൂർ ടൗണിന് വലിയ പ്രാധാന്യം ലഭിക്കും. പള്ളൂരിൽ പുതിയമദ്യഷാപ്പുകളും, പെട്രോൾ പമ്പുകളും സ്ഥാപിക്കുന്നതിനായുള്ള നീക്കം തകൃതിയായിട്ടുണ്ട്.