മൂന്നുവർഷത്തിനിടെ ഇന്ത്യയിലെ ഹൃദയാഘാത മരണങ്ങൾ കുത്തനെ ഉയർന്നു

വ്യായാമക്കുറവും ഭക്ഷണരീതിയും മതിയായ ഉറക്കം ലഭിക്കാത്തതുമൊക്കെ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. അടുത്തിടെയായി ഹൃദയാഘാതം ബാധിച്ച്
മരിക്കുന്ന യുവാക്കളുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇതേക്കുറിച്ച് നിരവധി പഠനങ്ങളും നടന്നുവരികയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ഹൃദയാഘാത മരണങ്ങളേക്കുറിച്ചുള്ള കണക്ക് പുറത്തുവിട്ടിരിക്കുകയാണ് സർക്കാർ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇന്ത്യയിലെ ഹൃദയാഘാതനിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണെന്നാണ് കണക്കുകൾ പറയുന്നത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഇക്കാര്യം പരാമർശിക്കുന്നത്. 2022-ൽ മാത്രം ഹൃദയാഘാതനിരക്കിൽ 12.5 ശതമാനം വളർച്ചയാണ്
ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതായത് 32,457 പേർ ഹൃദയാഘാതം ബാധിച്ച് 2022-ൽ മരിച്ചു. മുൻവർഷം ഇത് 28,413 ആയിരുന്നു.
പെട്ടെന്നുള്ള മരണങ്ങളുടെ നിരക്കും മുൻവർഷത്തെ അപേക്ഷിച്ച് 2022-ൽ കൂടുതലായിരുന്നു. 2021-ൽ 50,739 ആയിരുന്നെങ്കിൽ 2022 ആയതോടെ പത്തുശതമാനം കൂടി 56,450
ആക്രമണമേറ്റല്ലാതെ ഹൃദയാഘാതത്താലോ, മസ്തിഷ്കാഘാതത്താലോ സംഭവിക്കുന്ന ലക്ഷണംകണ്ട് മിനിറ്റുകൾക്കുള്ളിലുള്ള മരണത്തേയാണ് പെട്ടെന്നുള്ള മരണങ്ങളായി എൻ.സി.ആർ. കണക്കാക്കുന്നത്.
പൃദയാഘാത മരണങ്ങൾ മൂന്നുവർഷം കൊണ്ട് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ൽ 28,759 2021-ൽ 28,413 2022-ൽ 32,457 എന്നിങ്ങനെയാണ് കണക്കുകൾ.
പ്രസ്തുത സാഹചര്യത്തെ ഗൗരവത്തോടെ കണക്കിലെടുക്കണമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്.