വേനലിന് കരുതലാവാൻ പഴശ്ശി ഒരുങ്ങി; ജലസംഭരണിയിൽ വെള്ളം നിറഞ്ഞു

ഇരിട്ടി: വേനൽക്കാലത്തിന് കരുതലായി പഴശ്ശി ജലസംഭരണിയിൽ വെള്ളം നിറഞ്ഞു. 26 സെന്റി മീറ്റർ നിരപ്പിലാണ് വെള്ളം ഉയർന്നത്. കണ്ണൂർ ജില്ലയിലും മാഹിയിലും കുടിവെള്ളമെത്തിക്കുന്ന ജലസംഭരണിയാണ് പഴശ്ശി.
26. 52 മീറ്ററാണ് പദ്ധതിയുടെ ഫുൾ റിസർവോയർ നിരപ്പ്. എന്നാൽ ഇപ്പോൾ തന്നെ 26 മീറ്ററിലധികം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടവിട്ട് ലഭിക്കുന്ന തുലാമഴയും ന്യൂനമർദത്തെ തുടർന്നുണ്ടായ മഴയും ജലസംഭരണിയിൽ പെട്ടെന്ന് വെള്ളം ഉയരാൻ കാരണമാക്കി.
16 ഷട്ടറുകളും അടച്ചിട്ടുണ്ടെങ്കിലും മഴയെ തുടർന്ന് ഒഴുക്ക് ക്രമീകരിക്കുന്നുണ്ട്. പ്രളയത്തിൽ തകർന്ന കനാലുകളും ഉപകനാലുകളും നവീകരിച്ച് കൃഷിക്ക് വെള്ളം എത്തിക്കാനുള്ള പ്രവൃത്തികളും പൂർത്തിയായിരിക്കുകയാണ്. ഇതോടെ കുടിവെള്ളത്തിന് മാത്രമല്ല ഇത്തവണ കൃഷിക്കാവശ്യമായ വെള്ളവും ഈ പദ്ധതിയിൽ നിന്ന് നൽകാൻ കഴിയും.