ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു

മണ്ഡല മകരവിളക്ക് സീസണ്‍ ആയതോടെ ശബരിമലയില്‍ ഭക്തജനത്തിരക്ക് ഏറുന്നു. വെര്‍ച്യുല്‍ ക്യു വഴി ദര്‍ശനത്തിന് ഇന്ന് ബുക്ക് ചെയ്തത് 80000ത്തോളം പേരാണ്. നിലവില്‍ ശബരിമലയില്‍ പ്രതിദിനം എത്തുന്ന തീര്‍ഥാടകരുടെ എണ്ണം ഒരുലക്ഷത്തോളം എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനും ക്യൂ നില്‍ക്കാനും നിര്‍മ്മിച്ച വലിയ നടപ്പന്തല്‍ ഒഴിച്ചിട്ടതോടെയാണ് പാതകളില്‍ ഭക്തരുടെ നീണ്ട നിര ഉണ്ടായത്. ഇതില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ പ്രായമേറിയവരും കുട്ടികളും ഏറെ ബുദ്ധിമുട്ടി. ഇതിനിടയില്‍ ഒരു ക്യൂവില്‍ നിന്നും എളുപ്പത്തിലെത്തുന്നിടത്തേക്ക് പലരും മാറി കയറിയത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി.
ക്യൂവില്‍ മണിക്കൂറുകള്‍ നിന്നതോടെ പലര്‍ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഒമ്പതു മണിക്കൂറോളം ക്യൂവില്‍ നിന്നവര്‍ പലരും ഇരിക്കാന്‍ പോലും ഇടമില്ലാതെ വലഞ്ഞു. ബാരിക്കേഡിനുള്ളില്‍ നിന്ന് മടുത്തവര്‍ വനത്തിലേക്ക് ചാടി അതു വഴി നിലവിലുള്ള ക്യൂവിലേക്ക് വീണ്ടും തള്ളിക്കയറാന്‍ ശ്രമിച്ചു.
വരും ദിവസങ്ങളില്‍ തെരക്ക് വീണ്ടും ഏറുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തീര്‍ഥാടക ക്ഷേമത്തിന് അടിയന്തിര നടപടികള്‍ ആവശ്യമാണെന്ന വാദവും ഉയരുന്നുണ്ട്.