കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 378 കോടി അനുവദിച്ചു

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പിങ്ക് ലൈന്‍ പദ്ധതിക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണ് രണ്ടാംഘട്ട പിങ്ക് ലൈന്‍ നിര്‍മിതി. 11 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. പാലാരിവട്ടം ജങ്ഷന്‍, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, കാക്കനാട് ജങ്ഷന്‍, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് (1, 2) എന്നിവിടങ്ങളിലുള്‍പ്പടെ സ്റ്റേഷനുകള്‍ ഉണ്ടാകും. പദ്ധതിയുടെ ആകെ ചെലവ് 1975 കോടി രൂപയാണ്.
2022 സെപ്റ്റംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചത്. 2025-ഓടെ കാക്കനാട്- ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് കെ.എം.ആര്‍.എല്‍. പ്രതീക്ഷിക്കുന്നത്.