ഭൂമിക്കു ചൂടുകൂടുന്നത് ആരോഗ്യത്തേയും ബാധിക്കും, ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന

ദുബായ്:ഭൂമിക്കു ചൂടുകൂടുമ്പോൾ മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികളിൽ 28-ാം ആഗോളകാലാവസ്ഥ ഉച്ചകോടി (സി.ഒ.പി.-28) ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ആഗോളതലത്തിൽ ഓരോവർഷവും 70 ലക്ഷംപേരുടെ ജീവനെടുക്കുന്ന വായുമലിനീകരണം, ഛർദ്യതിസാരവും മലമ്പനിയും പോലുള്ള പകർച്ചവ്യാധികൾ നേരിടുന്ന കാര്യത്തിൽ ലോകനേതാക്കൾ ഒരുമിച്ചുനിൽക്കണമെന്ന് സി.ഒ.പി.-28 ആഹ്വാനംചെയ്തു.
ഇത്രകാലം ഉച്ചകോടിനടത്തിയിട്ടും ഇത്തവണയാണ് ആരോഗ്യത്തിനായി ഒരുദിനം സി.ഒ.പി. മാറ്റിവെക്കുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് പറഞ്ഞു. ആരോഗ്യമാണ് കാലാവസ്ഥാപ്രതിസന്ധിക്കുനേരെ പോരാടുന്നതിനുള്ള പ്രധാനകാരണമെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാചർച്ചകളിൽ ആരോഗ്യം ഇക്കാലമത്രയും പ്രാധാന്യം നേടാത്തതിൽ യു.എസിന്റെ പ്രതിനിധി ജോൺ കെറി അതിശയം പ്രകടിപ്പിച്ചു. ഭൂമിയും വെള്ളവും വായുവും വിഷമയമാക്കുമ്പോൾ നമ്മുടെ ശരീരംതന്നെയാണ് നാം വിഷമയമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധത്തിന് ഊന്നൽ നൽകിയുള്ളതാണ് സി.ഒ.പി.-28 പ്രഖ്യാപനം. എന്നാൽ, ഫോസിൽ ഇന്ധനങ്ങളിൽനിന്ന് പടിപടിയായി ഒഴിവാകുന്നതിനെപ്പറ്റി അതിൽ പരാമർശമില്ല. പക്ഷേ, ആരോഗ്യമേഖലയിലെ മലിനീകരണം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് 120-ഓളം രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ പുറന്തള്ളുന്ന മാലിന്യത്തിൽ അഞ്ചുശതമാനംവരും ആരോഗ്യമേഖലയിലേതെന്ന് ഗെബ്രയേസുസ് പറഞ്ഞു.
പുനരുപയോഗിക്കാവുന്ന ഊർജം: പ്രതിജ്ഞയെടുക്കാതെ ഇന്ത്യ
പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ തോത് 2030-ഓടെ മൂന്നിരട്ടിയാക്കുമെന്ന സി.ഒ.പി.-28 പ്രതിജ്ഞയിൽ ഇന്ത്യ ഒപ്പുവെച്ചില്ല. കൽക്കരി ഉപയോഗം പടിപടിയായി ഒഴിവാക്കണമെന്നുള്ളതിനാലാണ് ഇന്ത്യ ഒപ്പുവെക്കാതിരുന്നത്. കൽക്കരി ഒഴിവാക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നില്ല. 118 രാജ്യങ്ങൾ പ്രതിജ്ഞയിൽ ഒപ്പുവെച്ചു. അതേസമയം, പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കുമെന്ന് ജി-20 ഉച്ചകോടിയിൽ ഇന്ത്യ ധാരണയായിട്ടുണ്ട്.