ഡല്‍ഹിയിലേക്ക് വിമാനത്തിൽ, യൂസ്ഡ് കാർ വാങ്ങി എം.ഡി.എം.എയുമായി കേരളത്തിലേക്ക്

Share our post

കൊച്ചി: കാണുന്നവര്‍ക്ക് യാതൊരു സംശയവും തോന്നില്ല, പണിയെടുത്ത് ജീവിക്കുന്ന ‘നല്ലവനായ ഉണ്ണി’യെന്ന് തോന്നിപ്പിക്കലായിരുന്നു ആദ്യ പടി. പോലീസ് പിടിവീഴാതിരിക്കാന്‍ പുത്തന്‍ തന്ത്രങ്ങളും മെനഞ്ഞു. എന്നാല്‍, പ്രതികളുടെ കണക്കുക്കൂട്ടലുകള്‍ തെറ്റി. നിരീക്ഷണത്തിനൊടുവില്‍ കോടികളുടെ മയക്കുമരുന്നുമായി മൂന്നുയുവാക്കളെയും പോലീസ് പൂട്ടി.

1.810 കിലോ എം.ഡി.എം.എയാണ് കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പറവൂരില്‍നിന്നും കേരളത്തിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരില്‍ നിന്ന് പോലീസ് പിടികൂടിയത്. പുതുവര്‍ഷാഘോഷം കൊഴുപ്പിക്കാനാണ് പ്രതികള്‍ ഇവ എത്തിച്ചതെന്ന് കരുതുന്നു. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി ലഹരിമരുന്ന് വില്‍പ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്.

കേരളത്തിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിഥിന്‍ വിശ്വം (25), തംബുരു എന്ന് വിളിപ്പേരുള്ള നോര്‍ത്ത് പറവൂര്‍ തട്ടാന്‍ പടി കണ്ണന്‍ കുളത്തില്‍ നിഥിന്‍ കെ വേണു (28), പെരുവാരം ശരണം വീട്ടില്‍ അമിത് കുമാര്‍ (29) എന്നിവരെയാണ് പറവൂരിലെ വാടകവീട്ടില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഹ്രസ്വ ചിത്ര നിര്‍മാണത്തിനായാണ് പ്രതികള്‍ വീട് വാടകയ്‌ക്കെടുത്തിരുന്നത്. നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പ്രതികള്‍ ഇവിടെവെച്ച് ഹ്രസ്വ ചിത്രത്തിനുള്ള ഓഡീഷനും നടത്തി.

ഡല്‍ഹിയില്‍ നിന്നുമാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. നൈജീരിയന്‍ സംഘമാണ് ഇവര്‍ക്ക് ഡല്‍ഹിയില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതെന്നാണ് വിവരം. ഇതിനുമുമ്പും പല തവണ ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗ്ഗം പോയി അവിടെ നിന്ന് മയക്കുമരുന്ന് വാങ്ങും. അവിടെ നിന്നും സെക്കന്റ് ഹാന്റ് വാഹനം വാങ്ങി കേരളത്തിലെത്തിച്ചാണ് വില്പന നടത്തിയിരുന്നത്. പ്രതികള്‍ വാടകക്കെടുത്ത വീട്ടിലെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ടയറുകള്‍ക്കുള്ളില്‍ നിന്നുമാണ് ഒരുകിലോയിലേറെ മയക്കുമരുന്ന് പിടികൂടിയത്. ഇരുപത് ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് ഇവ വില്‍പ്പന നടത്തിയിരുന്നത്.

നാല് മാസം മുമ്പാണ് ഹ്രസ്വ ചിത്രത്തിന് തിരക്കഥയെഴുതുന്നതിനും ഓഡിഷന്‍ നടത്തുന്നതിനുമായി വീട് വാടകക്കെടുത്തത്. ഇവിടെവെച്ച് ഓഡിഷനും നടത്തി. പിന്നീട് നിരവധി പേര്‍ ഇവിടേക്ക് വന്ന് പോകുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ ഇക്കാര്യം അറിയിച്ചത്. മഫ്തിയിലെത്തിയ പോലീസ് ഇവരെ നിരീക്ഷിക്കുകയായിരുന്നു. പ്രതികള്‍ രാത്രിയില്‍ പുറത്ത് പോയി രാവിലെ തിരികെ വന്നപ്പോഴാണ് പോലീസ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയില്‍ നടക്കുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍ എറണാകുളം റൂറല്‍’ പദ്ധതിയുടെ ഭാഗമായി ഡാന്‍സാഫ് ടീമും പറവൂര്‍ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഓപ്പറേഷന്‍ ക്ലീന്‍ എറണാകുളം റൂറല്‍ പദ്ധതി പ്രകാരം റൂറല്‍ ജില്ലയില്‍ പിടിക്കുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്നു വേട്ടയാണിത്.

പോലീസ് പിടിയിലായ നിഥിന്‍ കെ.വേണു പാലക്കാട് 12കിലോഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ പ്രതിയാണ്. നിധിന്‍ കെ.വിശ്വം കൊലപാതകശ്രമക്കേസ്, ആത്മഹത്യാ പ്രേരണ കേസ് ഉള്‍പ്പടെ നിരവധി ക്കേസിലെ പ്രതിയാണ്. ഡി.ജി.പി ഷേയ്ക്ക് ദര്‍ബേഷ് സാഹിബിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്‌ക്വാഡ് രൂപീകരിച്ചത്. എ.ഡി ജി.പി അജിത് കുമാര്‍ , ഐ.ജി. സ്പര്‍ജന്‍ കുമാര്‍, ഡി.ഐ ജി പുട്ട വിമലാദിത്യ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി. മാരായ പി.പി ഷംസ്. എം.കെ മുരളി, ഇന്‍സ്‌പെക്ടര്‍ ഷോജോ, വര്‍ഗീസ്, സബ് ഇന്‍സ്‌പെക്ടര്‍മാരയ പ്രശാന്ത് പി.നായര്‍ , ഷാഹുല്‍ ഹമീദ് തുടങ്ങിയവരും റെയ്ഡിനുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!