ഹോട്ടല്‍ വ്യവസായത്തെ ശ്വാസംമുട്ടിച്ച് വിലക്കയറ്റം

കണ്ണൂർ : പാചകവാതകത്തിന്‍റെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഹോട്ടല്‍ വ്യവസായത്തെ ശ്വാസംമുട്ടിക്കുന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് 21.50 രൂപ ഉയര്‍ന്നതോടെ ഒരു സിലിണ്ടറിന് 1806 രൂപയായി. ആറ് മാസത്തിനിടെ 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പാചകവാതകം, എണ്ണ, സവാള, അരി, ഉള്ളി, വെളുത്തുള്ളി, മത്സ്യം, ഇറച്ചി എന്നിവയുടെ വില അടിക്കടി ഉയരുകയാണ്. കടല, പരിപ്പ്, ഉഴുന്ന് എന്നിവയുടെ വിലയിലാണ് അടുത്തനാളിലായി വലിയ വ്യത്യാസം ഉണ്ടായത്. 110 രൂപയുണ്ടായിരുന്ന ഉഴുന്നിന്‍റെ വില ഇപ്പോള്‍ 145 രൂപയാണ്. മുളക്, മല്ലി, മഞ്ഞള്‍ പൊടികള്‍ക്ക് 40 ശതമാനം വരെയാണ് ആറ് മാസത്തിനിടെ വിലവര്‍ധിച്ചിരിക്കുന്നത്. പാലിന്‍റെ വിലയിലും വര്‍ധനവുണ്ടായി.
30 രൂപയായിരുന്ന സവാളവില കഴിഞ്ഞയാഴ്ച 80 രൂപയിലെത്തിയിരുന്നു. സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കുവര്‍ധനയും തൊഴിലാളികളുടെ കൂലി ഉയര്‍ന്നതും ഇരുട്ടടിയായി. കാലാവസ്ഥാ വ്യതിയാനംപോലും ഹോട്ടല്‍ വ്യവസായത്തിന് എതിരാകുകയാണ്.
ഓണം, ദീപാവലി പോലുള്ള സീസണുകളില്‍ കനത്ത മഴയുണ്ടായത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. അപ്രതീക്ഷിതമായി വിലകയറുന്നത് ഹോട്ടല്‍മേഖലയിലെ ദൈനംദിന ചെലവ് കുത്തനെ ഉയര്‍ത്തുമെന്ന് ഹോട്ടല്‍വ്യാപാരികള്‍ പറയുന്നു. ഈ വര്‍ഷം ജില്ലയിലെ ഹോട്ടലുകളിലെ 10 ശതമാനവും പൂട്ടിപ്പോയതായി ഹോട്ടല്‍ & റസ്റ്റോറന്‍റ് ഭാരവാഹികൾ പറഞ്ഞു.