പഴശ്ശി ജലസംഭരണിയിൽ മഷി കലർത്തി

ഇരിട്ടി : ജബ്ബാർക്കടവ് പാലത്തിന് സമീപത്തെ പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പുഴയിൽ പ്രിന്റിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന മഷി കലർത്തി.
വെള്ളത്തിൽ കരിഓയിൽ പോലെ പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഇരിട്ടി നഗരസഭാധ്യക്ഷ കെ.ശ്രീലതയുടെ നേതൃത്വത്തിലുള്ള കൗൺസിലർമാരും നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരും ഇരിട്ടി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തുനിന്നും പ്രിന്റിങ് മഷിയുടെ കുപ്പി കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി വാഹനത്തിൽ പോകുന്ന ആരോ പ്രിൻറിങ് മഷിയുടെ കുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞതായാണ് സംശയം.
രാത്രി 9.30-ഓടെ കാറിൽനിന്നും എന്തോ വലിച്ചെറിയുന്നത് കണ്ടതായി പ്രദേശവാസി പോലീസിനോട് പറഞ്ഞു. ഇതുപ്രകാരം പോലീസ് നഗരസഭയും അന്വേഷണം തുടങ്ങി. ഈ മേഖലയിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.