ഇത് ചരിത്രം; കെ.എസ്.ആര്‍.ടി.സി ഗവി ട്രിപ്പ് വരുമാനം മൂന്ന് കോടി കടന്നു, ആകെ ട്രിപ്പുകള്‍ 750

Share our post

ആവേശകരമായ ഹിറ്റിലേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജ്. 2022 ഡിസംബര്‍ ഒന്നിന് തുടങ്ങിയ സര്‍വീസ് 2023 ഡിസംബര്‍ ആകുമ്പോള്‍ ഒരു വര്‍ഷം പിന്നിടുകയാണ്. ഇതുവരെ നടത്തിയ 750 ട്രിപ്പുകളിലും നിറയെ യാത്രക്കാര്‍ എന്നതാണ് സര്‍വീസിന്റെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിന്റെ നാനാഭാഗത്തു നിന്നുപോലും ആളുകള്‍ ഗവിയിലേക്ക് ഒഴുകിയെത്തി.

ഇതുവരെ നടത്തിയ ട്രിപ്പുകളില്‍ മൂന്നുകോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്. പത്തനംതിട്ടയില്‍ നിന്നാരംഭിക്കുന്ന യാത്രയില്‍ ഡ്യൂട്ടിക്കായി പരിചയ സമ്പന്നരായ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ ഗവിയെക്കുറിച്ചുള്ള അനുഭവസമ്പത്ത് യാത്രക്കാര്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്.

സീതത്തോട് കൊച്ചാണ്ടിയില്‍നിന്നാണ് കാഴ്ചകള്‍ തുടങ്ങുന്നതെന്ന് ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് പറയുന്നു. പിന്നിടങ്ങോട്ട് 60 കിലോമീറ്റര്‍ വനയാത്രയാണ്. കക്കിസംഭരണി പിന്നിട്ടാല്‍ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകള്‍ കാണാനാകും. കാട്ടുപോത്തുകള്‍, പുള്ളിമാനുകള്‍, കടുവ, പുലി തുടങ്ങിയവയെയും യാത്രാമധ്യേ കാണാനാകും.

ഒരു ദിവസം മൂന്ന് സര്‍വീസ്

പത്തനംതിട്ടയില്‍ നിന്നു ഒരു ദിവസം മൂന്നുവീതം സര്‍വീസുകളാണ് ഗവിയിലേക്ക് നടത്തുക. രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര പുറപ്പെടും. രാത്രി എട്ടരയോടെ മടങ്ങിയെത്തും പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ് നിരക്ക്. പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ കാനനഭംഗിയും ആസ്വദിച്ച് ഗവിയിലെത്തും. ബോട്ടിങ്ങും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടുംകണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. .

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ മേഖലകളില്‍ നിന്നെത്തുന്നവരെ പത്തനംതിട്ടയിലെത്തിച്ച്, അടുത്തദിവസം ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്.

കോന്നി ആനക്കൂടും, അടവി കുട്ടവഞ്ചിസവാരിയും ചേര്‍ത്ത യാത്രയും, ആറന്മുള വള്ളസദ്യ ഉള്‍പ്പെടുത്തിയുള്ള പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശന യാത്രയിലും നിരവധി യാത്രക്കാരുണ്ടായിരുന്നു. ജില്ലയിലെ വിവിധ ചരിത്രസ്മാരക കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ യാത്രകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബജറ്റ് ടൂറിസം സെല്‍. ഗവി വനത്തിലെ കാട്ടുപോത്ത് കുന്നില്‍ മേഞ്ഞുനടക്കുന്ന ആനക്കൂട്ടം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!