മത തീവ്രവാദികൾക്ക് വിടുപണി ചെയ്യുന്നതാണ് കേരളത്തിലെ മതേതരത്വം; എസ്. സുരേഷ്

പേരാവൂർ: മത തീവ്രവാദികൾക്ക് വിടുപണി ചെയ്യുന്നതിനെയാണ് കേരളത്തിൽ മതേതരത്വമെന്ന് വിളിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സിക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ച പേരാവൂർ മണ്ഡലം കമ്മിറ്റി പേരാവൂരിൽ നടത്തിയ റാലിയും പൊതുയോഗവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഹാദികളുടെ അടിമ പേറുന്ന കമ്മ്യൂണിസ്റ്റുകാരുടേയും കോൺഗ്രസ്സുകാരുടെയും മതേതരത്വമല്ല ബി.ജെ.പി.യുടേത്. കെ.ടി. ജയകൃഷ്ണനെ പോലുള്ളവരുടെ ദേശാഭിമാന പ്രചോദിതമായ ധീര ബലിദാനം വ്യർത്ഥമാവില്ല. അത് ഞങ്ങളുടെ സിരകളെ ഉത്തേജിപ്പിക്കുന്നതുപോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രക്ത ധമനികളെയും ഉത്തേജിപ്പിക്കുകയാണെന്നും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഭാരതം മൂന്നാം ലോക ശക്തിയാവാനുള്ള കുതിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ ഭരത് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, സംസ്ഥാന കൗൺസിലംഗം കൂട്ട ജയപ്രകാശ്, ഇരിട്ടി മണ്ഡലം സെക്രട്ടറി സത്യൻ കൊമ്മേരി, ബേബി സോജ അജിത്ത്, ശ്രീകുമാർ കൂടത്തിൽ, പി.ജി. സന്തോഷ്, ആദർശ് ചാളേമ്മൽ, ധന്യ എന്നിവർ സംസാരിച്ചു.